സിബിഐ ചമഞ്ഞ് തട്ടിപ്പ്: നടി ലീന മരിയ പോളിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

കൊച്ചി: നടി ലീന മരിയ പോളിനെതിരെ സിബിഐയുടെ ലുക്ക്ഔട്ട് നോട്ടീസ്. ഹൈദരാബാദില്‍നിന്നുള്ള വ്യവസായി സാംബശിവ റാവുവില്‍നിന്നു പണം തട്ടാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടാണു നടപടി. കേസില്‍ ചോദ്യംചെയ്യലിനു ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും നടി എത്തിയിരുന്നില്ല. സിബിഐ കേസില്‍ പ്രതിയായ സാംബശിവ റാവുവിനെ, കേസില്‍ നിന്നൊഴിവാക്കാമെന്നു വാഗ്ദാനം ചെയ്താണ് പ്രതികള്‍ തട്ടിപ്പിന് ശ്രമിച്ചത്.
സിബിഐ ഓഫീസര്‍മാരെന്ന വ്യാജേന സമീപിച്ചു കോടികള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി സിബിഐയുടെ ഡല്‍ഹി ഓഫീസ് നമ്പര്‍ പ്രതികള്‍ ഉപയോഗിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തി.കേസില്‍ ലീനയുടെ ജീവനക്കാരന്‍ അര്‍ച്ചിതും പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട് ലീനയുടെ കൊച്ചിയിലെയും ചെന്നൈയിലെയും ബ്യൂട്ടി പാര്‍ലറിലും വീട്ടിലും സിബിഐ സംഘം റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് നടന്നപ്പോള്‍ കൊച്ചിയിലുണ്ടായിരുന്ന ലീന അറസ്റ്റ് ഭയന്ന് ഇപ്പോള്‍ ഒളിവിലാണെന്നാണു സൂചന.