റിപ്പബ്ലിക് ദിനപരേഡിൽ നിന്ന് കേരളത്തിന്‍റെ നിശ്ചല ദൃശ്യം പുറത്ത്: തള്ളിയത് നിലവാരമില്ലാത്തത് മൂലമെന്ന് ജൂറി അംഗം

ന്യൂഡൽഹി: കേരളത്തിന് റിപ്പബ്ലിക് ദിന പരേഡിൽ അവസരം നിഷേധിച്ച് കേന്ദ്രസർക്കാർ. റിപ്പബ്ലിക് ദിന പരേഡിൽ നിശ്ചലദൃശ്യം അവതരിപ്പിക്കാനുള്ള കേരളത്തിന്‍റെ അപേക്ഷ കേന്ദ്രം നിരാകരിച്ചു. മൂന്ന് തവണ വിദഗ്ധരുടെ സമിതി പരിശോധിച്ച ശേഷമാണ് കേരളത്തിന്‍റെ അപേക്ഷ തള്ളിയത്. പശ്ചിമബംഗാളിന്‍റെയും മഹാരാഷ്ട്രയുടെയും കാര്യത്തിലും കേന്ദ്രം ഇതേ നിലപാടാണ് സ്വീകരിച്ചത്. അപേക്ഷ കേന്ദ്രപ്രതിരോധ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്.
അതേസമയം കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തെ തള്ളിയത് നിലവാരമില്ലാത്തത് മൂലമെന്ന് ജൂറി അംഗം ജയപ്രഭ മേനോൻ. ആവർത്തന വിരസതയുള്ള ഫ്ലോട്ടാണ് കേരളം സമർപ്പിച്ചതെന്ന് ജയപ്രഭ മേനോൻ പറഞ്ഞു. ആദ്യം സമർപ്പിച്ച ദൃശ്യം നിർദ്ദേശങ്ങൾ നൽകി മടക്കിയെന്നും രണ്ടാമതെത്തിയ നിശ്ചലദൃശ്യവും പുതുമയില്ലാത്തതായിരുന്നുവെന്നും ജൂറി അംഗം പറഞ്ഞു.
16 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ആറു മന്ത്രാലയങ്ങളുടെയും നിശ്ചലദൃശ്യം അവതരിപ്പിക്കാനുള്ള അപേക്ഷകൾ കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമായി 32 നിശ്ചല ദൃശ്യങ്ങളാണുള്ളത്. 24 എണ്ണം വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടേതുമായിരിക്കും. നിശ്ചലദൃശ്യത്തിന്‍റെ വിഷയം ആശയം രൂപകല്പന എന്നിവ പരിശോധിച്ചാണ് വിദഗ്ധസമിതി അപേക്ഷകൾ പരിഗണിക്കുന്നത്. വ്യക്തമായ കാരണങ്ങൾ അറിയിക്കാതെയാണ് കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ചരിക്കുന്നത്. ആദ്യ മൂന്ന് റൗണ്ടുകളിലും കേരളത്തിന്‍റെ ആശയത്തിന് അനുമതി ലഭിച്ചിരുന്നു. കലാമണ്ഡലവും, തെയ്യവും വള്ളംകളിയുമുൾപ്പെട്ട നിശ്ചല ദൃശ്യത്തിനാണ് കേരളം അനുമതി തേടിയത്. തുടർച്ചയായി രണ്ടാം വർഷമാണ് കേരളത്തിന്‍റെ നിശ്ചലദൃശ്യത്തിന് പ്രദർശനാനുമതി ലഭിക്കാത്തത്.