യു.പി ഭവന്‍ഉപരോധത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ വൻ പോലീസ് സന്നാഹം

ന്യൂഡൽഹി: സംഘർഷ സാധ്യത കണക്കിലെടുത്ത് ഡൽഹിയിൽ വൻ പോലീസ് സന്നാഹം. വെള്ളിയാഴ്ച നടക്കുന്ന യു.പി ഭവൻ ഉപരോധത്തിന്‍റെ പശ്ചാത്തലത്തിലാണ് ഡൽഹി പോലീസ് സുരക്ഷ കര്‍ശനമാക്കിയത്. ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ അടക്കമുള്ള സംഘടനകൾ ഉപരോധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തില്‍ പങ്കുചേരാൻ ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഇന്ന് ഡൽഹിയിൽ നടക്കുന്ന ഉപരോധങ്ങളും സമരങ്ങളും സുരക്ഷിത സ്ഥലത്ത് നിന്ന് റിപ്പോർട്ട് ചെയ്യണമെന്ന് മാധ്യമങ്ങളോട് ഡൽഹി പോലീസ് ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ പോലീസ് നടപടി ഉണ്ടായാൽ ദയവായി സമീപത്ത് നിന്ന് റിപ്പോർട്ടിംഗ് നടത്തരുതെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും പോലീസുമായി സഹകരിക്കണമെന്നും അവര്‍ ആഭ്യർത്ഥിച്ചു. കഴിഞ്ഞ ആഴ്ചയിലെ പോലീസ് നടപടിയിൽ മാധ്യമ പ്രവർത്തകർക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് ആഭ്യർത്ഥന. പ്രതിഷേധക്കാരെ നാല് സ്ഥലങ്ങളിൽ തടയാനാണ് പോലീസ് പദ്ധതി. ധരം മാർഗ്, പഞ്ച ഷീൽ മാർഗ്, പട്ടേൽ മാർഗ് ഉൾപ്പെടെ സ്ഥലങ്ങളിൽ പ്രതിഷേധക്കാരെ തടയും. യു.പി ഭവന്റെ 200 മീറ്റർ ചുറ്റളവിൽ പ്രതിഷേധക്കാരെ കടത്തിവിടേണ്ടെന്നും പോലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. പ്രതിഷേധത്തിനെത്തുന്നവരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്യും.
പ്രശസ്തമായ ന്യൂഡൽഹി ജുമാ മസ്ജിദിൽ ഇന്ന് വെള്ളിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞ ശേഷം പ്രതിഷേധം നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് അവിടെയും വന്‍തോതിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധമുണ്ടായാൽ ശക്തമായി നേരിടുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ജാമിയ മിലിയ സർവ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ ആ പ്രദേശത്തും പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്.
മുൻകരുതലെന്ന നിലയില്‍ സീലംപൂർ, ജാഫ്രാബാദ്, മുസ്ത്ഥാബാദ് എന്നിവിടങ്ങളിൽ ഡൽഹി പോലീസ് ഫ്ളാഗ് മാർച്ച് നടത്തും. അധികമായി 15 കമ്പനി അർധസൈനികരെ നഗരത്തിൽ വിന്യസിക്കും. ഇതിനായി അർദ്ധസൈനികരെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു തുടങ്ങി. ഡ്രോൺ ഉപയോഗിച്ച് നീരീക്ഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. നഗരത്തിലെ പ്രശ്നസാധ്യതമേഖലകളില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അഭ്യൂഹങ്ങൾ ആരും മുഖവിലയ്ക്ക് എടുക്കരുതെന്നും പോലീസ് ആവശ്യപ്പെട്ടു. വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സമൂഹമാധ്യമങ്ങൾ പരിശോധിച്ചു വരികയാണെന്നും ഡൽഹി പോലീസ് വ്യക്തമാക്കി.