ഇ-സിഗററ്റുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ: ലംഘിച്ചാല്‍ 1 വര്‍ഷം തടവും 1 ലക്ഷം പിഴയും

ന്യൂഡൽഹി:രാജ്യത്ത് ഇ-സിഗററ്റുകൾ നിരോധിച്ചുകൊണ്ടുള്ള ഓർഡിനൻസ് കേന്ദ്ര സർക്കാർ പുറത്തിറക്കി. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇ-സിഗററ്റുകളുടെ നിർമ്മാണം, കയറ്റുമതി, ഇറക്കുമതി, വിൽപനയും വ്യാപാരവും, ശേഖരണം, പരസ്യം (ഓണ്‍ലൈനുകളിൽ ഉൾപ്പെടെ എല്ലാ പരസ്യങ്ങളും) നിരോധിച്ചുള്ള ഓർഡിനൻസിന് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അനുമതി നൽകിയിരുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഓർഡിനൻസിലൂടെ ഇ-സിഗററ്റുകൾ നിരോധിക്കാൻ തീരുമാനിച്ചത്.നിയമം ലംഘിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പിഴയും ഒരു വർഷം വരെ പിഴയും അല്ലെങ്കിൽ രണ്ടും എന്നതാകും ആദ്യ ശിക്ഷ. കുറ്റം ആവർത്തിച്ചാൽ പിഴ അഞ്ചു ലക്ഷം രൂപയും തടവ് മൂന്നു വർഷവുമായി കൂടും. ഇ-സിഗരറ്റുകൾ ശേഖരിച്ചതായി കണ്ടെത്തിയാലും ആറു മാസം തടവും 50,000 രൂപ പിഴയും ലഭിക്കും.
ബാറ്ററി ഉപയോഗിച്ചു പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് ഉപകരണമാണ് ഇ–സിഗററ്റ്. കാഴ്ചയിൽ യഥാർഥ സിഗരറ്റ് പോലെ തോന്നും. നിക്കോട്ടിനും കൃത്രിമ രുചികൾക്കുള്ള ചേരുവകളും ചേർത്ത ദ്രവരൂപത്തിലുള്ള മിശ്രിതമാണു ഇ-സിഗരറ്റിലുള്ളത്. ഇത് ചൂടാകുമ്പോൾ ഉണ്ടാകുന്ന ആവിയാണ് ഉള്ളിലേക്കു വലിക്കുന്നത്. മൂവായിരത്തിനും 30,000നും ഇടയിലാണ് ഇ–സിഗരറ്റിന്റെ വില. നിക്കോട്ടിൻ നിറയ്ക്കാൻ 700 മുതൽ ആയിരം രൂപവരെ മുടക്കണം. നിക്കോട്ടിൻ ട്യൂബ്, അതിന്റെ രുചി എന്നിവ അനുസരിച്ചാണു വില വ്യത്യാസം.