കാശ്മീർ വിഷയം: കേന്ദ്രസര്‍ക്കാരിന് പിന്തുണയേറുന്നു; കൂടുതൽ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്
ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാടിനെ പിന്തുണച്ച് കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്. ജനാർദൻ ദ്വിവേദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ തീരുമാനത്തെ സ്വാഗതം ചെയ്‌തു.
കേന്ദ്ര നടപടിയെ മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദ്, പി.ചിദംബരം തുടങ്ങിയവർ ശക്തമായി രാജ്യസഭയിൽ എതിർത്തിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കമാൻഡിനെ ഞെട്ടിച്ചുകൊണ്ട് കൂടുതൽ നേതാക്കൾ മോദി സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ചത്. ബില്ലിനെ എതിർക്കുന്ന കോൺഗ്രസിന്റെ നിലപാടിൽ പ്രതിഷേധിച്ച് അസമിൽ നിന്നുള്ള അംഗവും,രാജ്യ സഭയിലെ വിപ്പുമായ ഭുവനേശ്വർ കലിംഗ രാജി വെച്ചു. രാജ്യസഭാ അംഗത്വം ഞാന്‍ രാജിവയ്ക്കുന്നു എന്നാണ് അദ്ദേഹം ട്വീറ്റില്‍ കുറിച്ചത്. ഭുബനേശ്വറിന് പുറമെ സമാജ്‌വാദി പാര്‍ട്ടി അംഗമായ സഞ്ജയ് സേഥും രാജ്യസഭാംഗത്വം രാജിവച്ചു. ഇദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്രസര്‍ക്കാരിന് തന്റെ പരിപൂര്‍ണ പിന്തുണയുണ്ടെന്ന് അഥിതി സിംഗ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിലപാട് ജമ്മു കശ്മീരിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്നും എം.എല്‍.എ പറഞ്ഞു. ചരിത്രപരമായ തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്. അതിനെ രാഷ്ട്രീയവല്‍ക്കരിക്കരുത്. ഒരു എം.എല്‍.എ എന്ന നിലയില്‍ താന്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്നുവെന്നും അഥിതി സിംഗ് പറഞ്ഞു. റായ്ബറേലി സാദര്‍ എം.എല്‍.എയാണ് അഥിതി സിംഗ്.

