സുഡാനിൽ‍ ദേശവ്യാപക നിയമലംഘന സമരത്തിന് നേരെ പോലീസ് നടപടി: നാല് പേർ‍‌ കൊല്ലപ്പെട്ടു


ഖാർത്തൂം: സുഡാനിൽ ദേശവ്യാപക നിയമലംഘന സമരത്തിന് നേരെ നടന്ന പോലീസ്  നടപടിയിൽ‍ നാല് പേർ‍‌ കൊല്ലപ്പെട്ടു. നിരവധി പേർ‍ക്ക് പരിക്കേറ്റു. നിയമലംഘന സമരത്തിന് ആഹ്വാനം ചെയ്ത് ആദ്യ ദിനത്തിലാണ് സംഭവം.

രണ്ട് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതോടെയാണ് കഴിഞ്ഞ ദിവസം സുഡാനിൽ സ്ഥിതി വഷളായത്. അറസ്റ്റിൽ‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നിയമലംഘന സമരത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു പ്രതിപക്ഷം. ഈ സമരത്തിന്റെ ഒന്നാം ദിനത്തിലാണ് പ്രക്ഷോഭകാരികൾ‍ക്ക് നേരെ പോലീസ് നടപടി ഉണ്ടായത്.

തലസ്ഥാനമായ ഖാർത്തൂമിൽ‍ റോഡിൽ ടയറുകളും മറ്റുമായെത്തിയ പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. ഇവരെ പിരിച്ചുവിടാനായി പോലീസ് കണ്ണീർ‍ വാതകം പ്രയോഗിച്ചു. നിയമലംഘന സമരത്തിൽ പങ്കെടുത്ത ചില എയർ‍പോർ‍ട്ട് ഉദ്യോഗസ്ഥരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. അധികാരം സൈന്യത്തിൽ‍ നിന്ന് ജനങ്ങൾ‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ആവശ്യം നേടും വരെ സമരം തുടരുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. നിയമലംഘന സമരം പ്രഖ്യാപിച്ചതിന് പിന്നാലെ സുഡാനിലെ വ്യാപാര മേഖലയും മറ്റും വിജനമാണ്. കടകൾ തുറക്കരുതെന്നാണ് വ്യാപാരികളോട് പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

You might also like

Most Viewed