മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അപകീർത്തികരമായ വ്യാജ്യവീഡിയോ: ചാനൽ ഓഫീസ് അടച്ചു

ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കുകയും പരിഹാസ രൂപേണയുള്ള അടിക്കുറപ്പിടുകയും ചെയ്തതിന് മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജി അറസ്റ്റിൽ.ശനിയാഴ്ച രാവിലെ പോലീസ് കസ്റ്റഡിയിലെടുത്ത പ്രശാന്തിനെതിരെ പോലീസ് പുതിയ വകുപ്പുകൾ ചേർത്തു.
യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കണമെന്നും അദ്ദേഹം താനുമായി ഒരു വർഷമായി വീഡിയോ കോൾ ചെയ്യാറുണ്ടെന്നും കാൺപുർ സ്വദേശിനി അവകാശവാദം ഉന്നയിക്കുന്ന വീഡിയോയാണ് പ്രശാന്ത് തന്റെ ഫെയ്സ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിലൂടെ ഷെയർ ചെയ്തത്. ഇത് അപകീർത്തികരവും അവാസ്തവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രശാന്തിനെതിരെ കേസെടുത്തത്. ചർച്ചാവേളയിൽ യോഗിക്കെതിരെ ആരോപണമുന്നയിക്കുന്ന സ്ത്രീയുടെ വീഡിയോ സംപ്രേഷണം ചെയ്തതിന് നോയിഡയിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യവാർത്താ ചാനലിന്റെ ഓഫീസ് രണ്ടു മാസത്തേക്ക് സീൽ ചെയ്യാൻ നോയിഡ സിറ്റി മജിസ്ട്രേറ്റ് ഉത്തരവിട്ടു. ലൈസൻസില്ലാതെയാണ് ചാനൽ പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. ചാനൽ മേധാവിയേയും എഡിറ്ററേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ വ്യാജ്യപ്രചരണങ്ങൾ നടത്തുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് നോയിഡ സിറ്റി മജിസ്ട്രേറ്റും ആവർത്തിച്ചു വ്യക്തമാക്കി.