മസൂദ് അസ്ഹർ‍ ജീവിച്ചിരിപ്പുണ്ടെന്ന് പാക് മാധ്യമങ്ങൾ‍


ഇസ്ലാമാബാദ്: പുൽവാമ ആക്രമണത്തിനുപിന്നിൽ പ്രവർത്തിച്ച ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹർ ജീവിച്ചിരിപ്പുണ്ടെന്ന് പാക് മാധ്യമങ്ങൾ. മസൂദ് അസ്ഹറിന്റെ കുടുംബത്തെ ഉദ്ധരിച്ചാണ് പാക് മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇസ്ലാമാബാദിലെ സൈനിക ആശുപത്രിയിൽ വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന മസൂദ് ശനിയാഴ്ച മരിച്ചതായി സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ച് കൊണ്ടാണ് ഉർദു ദിനപത്രമായ ജിയോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

അതേ സമയം അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. മസൂദ് അസ്ഹറിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ചും സാമൂഹിക മാധ്യമങ്ങളിലെ പ്രചരണങ്ങളെ കുറിച്ചും പാകിസ്താൻ സർക്കാർ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത് സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു പാക് ഫെഡറൽ ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരിയുടെ പ്രതികരണം. സൂദ് അസ്ഹർ പാകിസ്താനിലുണ്ടെന്നും രോഗം മൂർച്ഛിച്ച് വീടുവിട്ട് പുറത്തുപോകാൻ കഴിയാത്ത അവസ്ഥയിലാണെന്നും കഴിഞ്ഞദിവസം പാക് വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷി ഒരു ചാനൽ അഭിമുഖത്തിൽ സ്ഥിരീകരിച്ചിരുന്നു.

മസൂദ് അസ്ഹർ വൃക്കരോഗബാധിതനാണെന്നും റാവൽപിണ്ടിയിലെ പാക് കരസേനാ ആശുപത്രിയിൽ ഡയാലിസിസ് ചികിത്സയ്ക്ക് വിധേയനാണെന്നും ഇന്ത്യൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. 1994−ൽ ഇന്ത്യയുടെ പിടിയിലായ മസൂദിനെ, 1999−ൽ കാണ്ഡഹാർ വിമാനറാഞ്ചലിലൂടെ മോചിപ്പിക്കുകയായിരുന്നു. പിന്നീട് പാകിസ്താനിൽ എത്തിയശേഷമാണ് ജെയ്ഷെ മുഹമ്മദ് സംഘടന സ്ഥാപിക്കുന്നത്. 2001−ലെ പാർലമെന്റ് ആക്രമണത്തിന്റെയും 2016−ലെ പഠാൻകോട്ട് ആക്രമണത്തിന്റെയും പിന്നിൽപ്രവർത്തിച്ച ജെയ്ഷെ മുഹമ്മദിന് തണലൊരുക്കുന്നത് പാകിസ്താനാണെന്നാണ് ഇന്ത്യയുടെ ആരോപണം. മസൂദിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യു.എൻ. രക്ഷാസമിതിയിൽ ഇന്ത്യ രണ്ട് തവണ പ്രമേയം കൊണ്ടുവന്നെങ്കിലും ചൈനയുടെ എതിർപ്പിനെത്തുടർന്ന് പരാജയപ്പെടുകയായിരുന്നു.

You might also like

Most Viewed