ബാലാക്കോട്ട്: ഇന്ത്യന്‍ വ്യോമസേനയുടെ11 ദിവസത്തെ ആസൂത്രണം, 12- ാം ദിനം ആക്രമണം

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് ശേഷം 11 ദിവസങ്ങൾ കൊണ്ടാണ് ബാലാക്കോട്ട് ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണം ആസൂത്രണം ചെയ്തതെന്ന് റിപ്പോർട്ട്. 40 ജവാന്‍മാർ ജീവത്യാഗം ചെയ്ത പുൽവാമ ആക്രമണം കഴിഞ്ഞ് ഫെബ്രുവരി 15ന് തന്നെ വ്യോമസേനാ മേധാവി ബിഎസ് ധനോവ ആക്രമണ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചു.വ്യോമാക്രമണം നടത്താമെന്നായിരുന്നു ധനോവ മുന്നോട്ടുവച്ച ആക്രമണ പദ്ധതി. ഫെബ്രുവരി 16 മുതൽ 20 വരെ ഇന്ത്യൻ വ്യോമസേന ഹെറോൺ ഡ്രോണുകൾ ഉപയോഗിച്ച് വ്യോമനിരീക്ഷണം നടത്തി. ഇന്‍റലിജൻസ് ഏജൻസിയുടെ സഹായത്തോടെ ആക്രമണം നടത്തേണ്ട പ്രദേശങ്ങളും ഭീകര ക്യാംപുകളും കണ്ടെത്തി ടാർഗറ്റ് ടേബിളുണ്ടാക്കി.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലായിരുന്നു ആക്രമണം നടത്തേണ്ട ലക്ഷ്യത്തെ കുറിച്ച് വിശദീകരിച്ചത്. 22ന് വ്യോമസേനയുടെ സ്ക്വാഡ്രോണ്‍ 1 (ടൈഗേഴ്സ്), സ്ക്വാഡ്രോണ്‍ 7 (ബാറ്റിൽ ആക്സസ് എന്നീ സ്ക്വാഡ്രോണുകളെ ഒരുക്കി നിർത്തി. ഫെബ്രുവരി 24ന് ആഗ്രയിൽ ട്രെയൽ നടന്നു.
ആക്രമണത്തിന് ഉപയോഗിച്ചത് ലേസർ ഗൈഡഡ് ബോംബുകൾ. ഇവ ഉപയോഗിച്ച് മുൻ പദ്ധതി പ്രകാരം ഭീകരക്യാന്പുകൾ പൂർണമായും നശിപ്പിക്കാൻ ഇന്ത്യക്കായി. അതീവ കൃത്യതയോടെ ലക്ഷ്യങ്ങൾക്കു നേരെ ആക്രമണം നടത്തുന്നതിന് ശേഷിയുള്ളവയാണ് ലേസർ ഗൈഡഡ് ബോംബുകൾ. പന്ത്രണ്ട് മിറാഷ് 2000 പോർവിമാനങ്ങളിൽനിന്ന് ആയിരം കിലോയോളം ബോംബുകൾ ഭീകരകേന്ദ്രങ്ങളിൽ സൈന്യം വർഷിച്ചു. വലിയ നാശനഷ്ടമാണ് ഭീകരകേന്ദ്രങ്ങളിൽ ഉണ്ടായത്. ആക്രമണത്തിൽ മൂന്ന് ഭീകരക്യാന്പുകൾ പൂർണമായും നശിച്ചു. മുന്നൂറോളം പേർ കൊല്ലപ്പെട്ടതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്നിടങ്ങളിലെ ഭീകര ക്യാന്പുകൾ ഇന്ത്യ തകർത്തു. ആദ്യ ആക്രമണം ബാലാകോട്ടിലായിരുന്നു. ഇന്ത്യ പാക് അതിർത്തിക്കപ്പുറമുള്ള ബാലാകോട്ട് മേഖല ജെയ്ഷെ മുഹമ്മദിന്‍റെ പ്രധാന ആസ്ഥാനങ്ങളിൽ ഒന്നാണ്.
ഹരിയാനയിലെ അംബാലയിലെ എയർബേസിൽ നിന്നാണ് 12 മിറാഷ്−2000 വിമാനങ്ങളോടെ വ്യോമസേനാ സംഘം പുറപ്പെട്ടത്.. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് മുസാഫരാബാദിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള ബലാകോട്ടിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയത്. മിറാഷ് വിമാനങ്ങൾ 21 മിനിറ്റു നേരം ബലാകോട്ടിന് മുകളിലൂടെ പറന്ന് ആക്രമണം നടത്തി തിരിച്ചുവന്നു. ഇന്ത്യൻ മിന്നലാക്രമണം നൂറുശതമാനം വിജയമായിരുന്നു എന്നാണ് റിപ്പോർട്ട്. കാർഗിൽ യുദ്ധത്തിനു ശേഷം ഇത് ആദ്യമായാണ് വ്യോമസേന ആക്രമണത്തിന് മിറാഷ് 2000 പോർവിമാനങ്ങൾ ഉപയോഗിക്കുന്നത്.