സ്‌കൂൾ ബസിൽ ഗിയർ ലിവറിന് പകരം മുള വടി; ഡ്രൈവർ അറസ്റ്റിൽ

മുംബൈ: ഗിയർലിവറിന് പകരം മുള വടി ഉപയോഗിച്ച് വാഹനമോടിച്ച സ്‌കൂൾ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്‍തു. മുംബൈയിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ രാജ് കുമാറാണ് (21) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാജ് കുമാർ ഓടിച്ച സ്‌കൂൾ ബസ് ഒരു കാറിൽ ഇടിച്ചതോടെയാണ് ഇയാളുടെ മുള വടി ഡ്രൈവിംഗ് പുറത്തായത്. അപകടത്തിന് ശേഷം നിർത്താതെ പോയ ബസിനെ പിന്തുടർന്ന കാർ ഉടമയാണ് ഗിയർ ലിവറിന്റെ സ്ഥാനത്ത് മുള വടി കണ്ടത്. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം കാർ ഉടമ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് 279, 336 വകുപ്പുകൾ പ്രകാരം രാജ് കുമാറിനെ അറസ്റ്റ് ചെയ്തു.
പൊട്ടിയ ഗിയർലിവർ ശരിയാക്കാൻ സമയം കിട്ടാതിരുന്നതിനാലാണ് മുള വടി ഉപയോഗിച്ചതെന്നാണ് രാജ് കുമാർ പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസമായി ഈ മുള വടി ഉപയോഗിച്ചാണ് ഇയാൾ ബസ് ഓടിച്ചതെന്നാണ് പോലിസ് പറയുന്നത്. ബസിൽ സഞ്ചരിച്ച കുട്ടികളെല്ലാം സുരക്ഷിതരാണെന്നും സ്‌കൂൾ ട്രാൻസ്‌പോർട്ട് കമ്മിറ്റി ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ രാജ്‍കുമാറിന് പിന്നീട് ജാമ്യം ലഭിച്ചു.