മോദിയുടെ മന്ത്രിമാർക്ക് ഇക്കണോമിക്സ് അറിയില്ല : സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിമാർക്കു സാന്പത്തിക ശാസ്ത്രത്തെക്കുറിച്ച് അടിസ്ഥാനവിവരം പോലുമില്ലെന്നു ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യൻ സ്വാമി. കേന്ദ്ര മന്ത്രിസഭയിലെ ഒരൊറ്റ മന്ത്രിക്കുപോലും ഇക്കണോമിക്സ് അറിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സുബ്രഹ്മണ്യ സ്വാമി മന്ത്രിമാർക്കെതിരെ ആഞ്ഞടിച്ചത്.
2016ൽ, അന്നത്തെ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനെ പുറത്താക്കണമെന്നാവശ്യപ്പെട്ടു സ്വാമി പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു. രഘുറാം രാജൻ ‘മാനസികമായി ഇന്ത്യക്കാരനല്ലെ’ന്നും കരുതിക്കൂട്ടി ഇന്ത്യയുടെ സന്പദ്വ്യവസ്ഥയെ തകർത്തെന്നുമായിരുന്നു സ്വാമിയുടെ പക്ഷം. റിസർവ് ബാങ്ക് പലിശനിരക്കുകൾ കുത്തനെ കൂട്ടിയതു ചെറുകിട വ്യവസായമേഖലയെ തകർത്തുകളഞ്ഞു. ഇതു രാജ്യത്തെ തൊഴിലില്ലായ്മ വർദ്ധിപ്പിച്ചു. സന്പദ്വ്യവസ്ഥ ആകെ കുളമായി. രഘുറാം രാജന് ഇതൊന്നും മനസ്സിലായതുപോലുമില്ലെന്ന് സ്വാമി ആരോപിച്ചു.
രാജ്യത്തെ നിലവിലെ സാന്പത്തിക നയങ്ങളൊന്നും കാര്യക്ഷമമല്ലെന്നും ശരിയായ നയങ്ങൾ രൂപപ്പെടുത്തിയെടുത്താൽ ചൈനയെ മറികടക്കാൻ ഇന്ത്യയ്ക്കു കഴിയുമെന്നും സുബ്രഹ്മണ്യൻ സ്വാമി വിലയിരുത്തുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ, രാജ്യത്തിന്റെ യഥാർത്ഥ ധനമന്ത്രി ആരാണെന്നതിൽ സംശയമുണ്ട്. വെബ്സൈറ്റിൽ മന്ത്രിമാരുടെ ലിസ്റ്റിൽ അരുൺ ജയ്റ്റ്ലിയുടെ പേരുണ്ട്. ചിലയിടത്തു ധനമന്ത്രിയുടെ സ്ഥാനത്തു പീയൂഷ് ഗോയലിന്റെ പേരും. ജയ്റ്റ്ലിയെന്താ വകുപ്പില്ലാ മന്ത്രിയാണോ? അരുൺ ജയ്റ്റ്ലിയെ പരോക്ഷമായി പരിഹസിച്ച് സ്വാമി ചോദിക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി മോദിക്കു ചില ഉപദേശങ്ങളും സ്വാമി നൽകുന്നുണ്ട്. സാന്പത്തിക പരിഷ്കാരങ്ങൾകൊണ്ട് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കടന്നുകൂടാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി തിരിച്ചറിയണം. സാന്പത്തിക നയം നരസിംഹറാവുവിനെയോ മൊറാർജി ദേശായിയെയോ വാജ്പേയിയെയോ സഹായിച്ചില്ലെന്നു മറക്കരുത്. രാജ്യത്തിന്റെ പ്രശ്നങ്ങൾ മനസിലാക്കുന്ന ആളാണു പ്രധാനമന്ത്രി മോദി. പക്ഷേ, അദ്ദേഹത്തിന്റെ ‘കൂട്ടുകെട്ടുകൾ’ ശരിയല്ല. അടുത്ത തവണ പ്രധാന മന്ത്രി പദത്തിലെത്തുന്പോഴേക്ക് ഇതൊക്കെ അദ്ദേഹം തിരിച്ചറിയുമായിരിക്കുമെന്നും സ്വാമി പറഞ്ഞു.
നരേന്ദ്ര മോദി കഴിഞ്ഞാൽ ബി.ജെ.പിയിലെ ഏറ്റവും ജനപ്രിയനായ നേതാവ് താനാണെന്നും സുബ്രഹ്മണ്യൻ സ്വാമി അവകാശപ്പെട്ടു.