ഖത്തർ രാജകുടുംബത്തെ വഞ്ചിച്ച് 5.05 കോടി രൂപ തട്ടിയെടുത്ത മലയാളി അറസ്റ്റിൽ

തൃശ്ശൂർ : ഖത്തർ അമീറിന്റെ ചിത്രം സ്വർണം ഉൾപ്പെടെയുള്ള ലോഹങ്ങൾ ഉപയോഗിച്ചു തയ്യാറാക്കി നൽകാമെന്ന വ്യാജവാഗ്ദാനം നൽകി നൽകി ഖത്തർ മ്യൂസിയത്തിന്റെ അക്കൗണ്ടിൽ നിന്ന് 5.05 കോടി രൂപ തട്ടിയെടുത്ത കേസിൽ മലയാളി അറസ്റ്റിൽ.രാജകുടുംബാംഗത്തിന്റെ ഇ-മെയിലിൽ നുഴഞ്ഞുകയറി ഖത്തർ മ്യൂസിയം അധികൃതർക്ക് നിർദ്ദേശം നൽകിയായിരുന്നു തട്ടിപ്പ്. ശ്രീനാരായണപുരം ശാന്തിപുരത്ത് താമസിക്കുന്ന പറവൂർ പെരുവാരം മുളക്കൽ സുനിൽ മേനോനെ (47) ആണ് സി.ഐ പി.സി ബിജുകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പ്രത്യേക അന്വേഷണ സംഘം എറണാകുളത്ത് നിന്ന് പിടികൂടുകയായിരുന്നു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പത്ത് പൂർണകായ ചിത്രങ്ങൾ ലോകത്തെ വിഖ്യാത ചിത്രകാരൻമാരെക്കൊണ്ട് വരപ്പിച്ചു നൽകാമെന്ന് വാഗ്ദാനം നൽകിയുള്ള തട്ടിപ്പിന്റെ തുടക്കം ഫെബ്രുവരിയിലായിരുന്നു. രാജാവിന്റെ സഹോദരിയും ഖത്തർ മ്യൂസിയം അതോറിറ്റി ചെയർപഴ്സനുമായ ഷെയ്ഖ അൽമയാസയുടെ ഇ-മെയിലിൽനുഴഞ്ഞുകയറിയാണ് മ്യൂസിയം അതോറിറ്റിയുടെ സി.ഇ.ഒയ്ക്ക് വ്യാജസന്ദേശം നൽകിയത്. ജെറോം നെപ്പോളിയന്റെ പേരിൽ പ്രതി വ്യാജ ഐ.ഡി നിർമ്മിച്ച് ഖത്തർ മ്യൂസിയം അതോറിറ്റിയുമായി നിരന്തരം ബന്ധപ്പെട്ട് അഞ്ച് കോടി അഞ്ച് ലക്ഷം രൂപ അഡ്വാൻസ് ആയി ഇന്ത്യയിലെ തങ്ങളുടെ ഉപകരാർ ഏറ്റെടുത്ത കന്പനിയെ ഏൽപ്പിക്കണമെന്ന് ജെറോം നെപ്പോളിയന്റെ പേരിൽ സന്ദേശം നൽകി.
അമേരിക്കയിലെ ഓൺലൈൻ ബിസിനസ് കമ്പനി എന്ന പേരിൽ വ്യാജ വിലാസം ഒരുക്കി മാസങ്ങൾ നീണ്ട ശ്രമമാണ് തട്ടിപ്പിനു എടുത്തത്. പണം കൈപ്പറ്റിയതിനു ശേഷം മ്യൂസിയം അധികൃതരുമായി ബന്ധപ്പെടാതായതോടെ ആണ് തട്ടിപ്പ് പുറത്തറിയുന്നത്. പ്രതിക്കു കൊടുങ്ങല്ലൂരിലും പറവൂരിലുമായി 11 ബാങ്കുകളിൽ അക്കൗണ്ട് ഉണ്ട്. ഇതിൽ നാല് അക്കൗണ്ടുകളിലായാണ് തട്ടിയെടുത്ത പണം നിക്ഷേപിച്ചത്.