ലൗജിഹാദിന് പരിഹാരം ബാലവിവാഹം : വിചിത്ര പ്രസ്താവനയുമായി ബിജെപി എംഎൽഎ

ഭോപ്പാൽ : ലൗ ജിഹാദിനെ നേരിടാൻ ബാലവിവാഹമാണ് ഏറ്റവും നല്ല പോംവഴിയെന്ന് ബി.ജെ.പി എം.എൽ.എ. ലൗ ജിഹാദിന് കാരണം വൈകിനടക്കുന്ന വിവാഹങ്ങളാണെന്നും ലൗജിഹാദുകൾ നടക്കാതിരിക്കാൻ പെൺകുട്ടികളെ നേരത്തെ കല്യാണം കഴിപ്പിച്ചയക്കണമെന്നും മധ്യപ്രദേശിലെ അഗർ മാൽവ എം.എൽ.എയായ ഗോപാൽ പാർമർ പറഞ്ഞു. ബാല്യകാലത്തിൽ വീട്ടുകാർ പറഞ്ഞുറപ്പിച്ചുവെക്കുന്ന വിവാഹങ്ങൾ വളരെ കാലം നീണ്ടുനിന്നിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 18 വയസ്സെന്ന രോഗം(പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയയ്ക്കാനുള്ള കുറഞ്ഞ പ്രായം) എന്ന് നിയമാനുസൃതമാക്കിയോ അന്ന് മുതൽ പെൺകുട്ടികൾ ഒളിച്ചോടിപ്പോവാൻ പഠിച്ചു, പാർമർ പറഞ്ഞു.
കൗമാരത്തിൽ എത്തുന്പോൾ പെൺകുട്ടികളുടെ മനസ്സ് അലഞ്ഞു തിരിയാൻ തുടങ്ങും. ലൗജിഹാദിനു നേരെ പെൺകുട്ടികളുടെ അമ്മമാർ ജാഗ്രത പുലർത്തണം. മാധ്യമങ്ങളോട് സംസാരിക്കവെ പലയാവർത്തി അദ്ദേഹം ബാലവിവാഹത്തെ ന്യായീകരിച്ചു സംസാരിച്ചു.
എന്റെ വിവാഹം ഉറപ്പിച്ചല്ലോഎന്ന ചിന്തയിൽ ബാല്യത്തിൽ വിവാഹം പറഞ്ഞുറപ്പിച്ച കുട്ടികൾ ഒരിക്കലും തെറ്റായ തീരുമാനങ്ങൾ എടുത്തിരുന്നില്ല. എന്നാൽ ഇത്തരത്തിൽ നേരത്തെ വിവാഹം പറഞ്ഞുറപ്പിക്കാതെ വരുന്പോഴാണ് അവർ വഴിതെറ്റുന്നതും ലൗ ജിഹാദ് പോലുള്ള സംഭവ
ങ്ങൾ നടക്കുന്നതും, അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞതിതാണ്−, ചിലർ വീട്ടുകാരുമായി വളരെ അടുത്ത ബന്ധം സ്ഥാപിച്ചെടുക്കും. എന്നിട്ട് ആ വീട്ടിലെ സ്ത്രീകളെ ചൂഷണം ചെയ്യും. കേരളത്തിലെ ഹാദിയയുടെയും ഷഫീൻ ജഹാന്റെയും വിവാഹം ലൗജിഹാദെന്നാരോപിച്ചായിരുന്നു പാർമറിന്റെ പ്രസ്താവന.