ഇംപീച്ച്മെന്റ് നോട്ടീസ് തള്ളി

ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷം നൽകിയ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു തള്ളി. നോട്ടീസിൽ പ്രതിപക്ഷം രാജ്യസഭാ ചട്ടങ്ങൾ ലംഘിച്ചു, അഴിമതി ആരോപണത്തിന് തെളിവില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് തള്ളിയത്. നിയമസഭാ വിദഗ്ദ്ധരുമായുള്ള ചർച്ചകൾക്ക് ശേഷമാണ് രാജ്യസഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇംപീച്ച്മെന്‍റ് നോട്ടീസ് തള്ളിയതെന്നാണ് ഔദ്യോഗിക വിശദീകരണം. അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ, സുപ്രീംകോടതി മുൻ ജസ്റ്റിസ് ബി സുദർശൻ റെഡ്ഡി, ലോക്‌സഭ മുൻ സെക്രട്ടറി ജനറൽ, മുൻ നിയമസെക്രട്ടറി പി.കെ മൽഹോത്ര, രാജ്യസഭാ സെക്രട്ടറിയേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായാണ് ഉപരാഷ്ട്രപതി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം, നോട്ടീസ് തള്ളിയതിനെതിനെ തുടർന്ന് സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. എന്നാൽ അത്തരമൊരു ഹർജിയുമായി കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചാൽ അത് പരിഗണിക്കുക ചീഫ് ജസ്റ്റിസായിരിക്കും എന്ന സങ്കീർണമായ സാഹചര്യം മുന്നിലുണ്ട്. സ്വാഭാവികമായും നാടകീയമായ രംഗങ്ങളാവും കോൺഗ്രസ് സുപ്രീംകോടതിയിലെത്തിയാൽ കാണേണ്ടി വരിക. രാജ്യസഭാ അധ്യക്ഷന്റെ നടപടി പ്രതീക്ഷിച്ചിരുന്നതാണെന്നും കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി പറഞ്ഞു.
ഇംപീച്ച്‌മെന്റ് നോട്ടീസുമായി പ്രതിപക്ഷ കക്ഷികൾ വെള്ളിയാഴ്ചയാണ് ഉപരാഷ്ട്രപതിയെ കണ്ടത്. ഏഴ് പ്രതിപക്ഷ കക്ഷികളിലെ 64 സിറ്റിംഗ് എം.പിമാരും അടുത്തകാലത്ത് വിരമിച്ച ഏഴ് എം.പിമാരുമാണ് നോട്ടീസിൽ ഒപ്പുവച്ചിരുന്നത് കോൺഗ്രസ്, എൻ.പി.പി, സി.പി.എം, സി.പി.ഐ, സമാജ്‌വാദി പാർട്ടി, ബഹുജൻ സമാജ്‌വാദി പാർട്ടി, മുസ്ലീം ലീഗ് എന്നീ കക്ഷികളാണ് നോട്ടീസിൽ ഒപ്പുവച്ചിരുന്നത്. ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ രാജ്യസഭയിൽ 50 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം ഉൾപ്പെടെ ഒരുപിടി ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷം ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകിയത്. പ്രതിപക്ഷ കക്ഷികൾക്കിടയിൽത്തന്നെ അനൈക്യം ഉടലെടുത്തതിനാൽ ഇടയ്ക്ക് ഇംപീച്ച്‌മെന്റ് നീക്കം നിലച്ചിരുന്നു. എന്നാൽ സി.ബി.ഐ പ്രത്യേക ജഡ്ജി ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം വേണ്ടെന്ന ഉത്തരവ് ഏപ്രിൽ 19ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ചതോടെ ഇംപീച്ച്‌മെന്റ് നീക്കം ശക്തമാക്കുകയായിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് നോട്ടീസ് നൽകിയത്.