രാഹുലിനെതിരായ നോട്ടീസ് തിരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചു

ന്യൂഡൽഹി : ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്പ് മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്ക് നൽകിയിരുന്ന നോട്ടീസ് തിരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചു. പെരുമാറ്റചട്ട ലംഘനം നടത്തിയെന്ന ബി.ജെ.പി നേതാവിന്റെ പരാതിയിലാണ് കമ്മീഷൻ നോട്ടീസ് അയച്ചത്. ഈമാസം 18ന് വൈകുന്നേരം അഞ്ച് മണിക്ക് നേരിട്ട് ഹാജരാവാനാണ് നോട്ടീസിൽ പറഞ്ഞിരുന്നത്.
എന്നാൽ ഇതിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് കമ്മീഷൻ തീരുമാനം പിൻവലിച്ചത്. നിലവിലെ നിയമങ്ങൾ അനുസരിച്ച് ഇക്കാര്യത്തിൽ നടപടിയെടുക്കാനാവില്ലെന്ന് കമ്മീഷൻനിയമോപദേശം ലഭിക്കുകയും ചെയ്തിരുന്നു. രാഹുലിന് അയച്ച നോട്ടീസ് പിൻവലിച്ച കമ്മീഷൻ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടത്തിൽ തിരുത്തലുകൾ വരുത്താൻ പുതിയ സമിതിയെ നിയോഗിക്കാനും സർക്കാരിനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷൻ, വാർത്താ പ്രക്ഷേപണ മന്ത്രാലയം, നിയമ മന്ത്രാലയം, ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം, വിവിധ മാധ്യമ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പ്രതിനിധികൾ ഈ സമിതിയിൽ ഉണ്ടായിരിക്കണം.
പുതുതലമുറ മാധ്യമങ്ങളുടെ കടന്നുകയറ്റത്തോടെ വാർത്താ മേഖലയിൽ വന്ന മാറ്റങ്ങൾ വിലയിരുത്തി വേണ്ട നിർദ്ദേശങ്ങൾ ഈ സമിതി സമർപ്പിക്കണം. ഇത്തരം സാഹചര്യങ്ങളിൽ എന്ത് നടപടിയെടുക്കാനാകും തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.
തിരഞ്ഞെടുപ്പിന് 48 മണിക്കൂർ മുന്പ് ഗുജറാത്തിൽ മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്നതിനും മറ്റും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണമുണ്ട്. എന്നാൽ ഇത് പാലിക്കാതെ രാഹുൽ
ഗാന്ധി ഗുജറാത്തി ചാനലിന് നൽകിയ അഭിമുഖമാണ് വിവാദമായത്. അഭിമുഖം ഗുജറാത്തി ചാനൽ പുറത്ത് വിട്ടതോടെ മറ്റ് ചാനലുകളും അത് ഏറ്റെടുത്തു. തുടർന്നാണ് പരാതിയുമായി ബി.ജെ.പി രംഗത്തെത്തിയത്. അഭിമുഖം സംപ്രേക്ഷണം ചെയ്ത ചാനലുകൾക്കെതിരെയും കേസെടുക്കാൻ കമ്മീഷന്റെ നിർദ്ദേശം നൽകിയിരുന്നു. തന്നെ ഏറെ സഹായിച്ച വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തെ വെറുക്കാൻ സാധിക്കില്ലെന്നും രാഹുൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.