ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് വൻ നാശം

കോഴിക്കോട്: പുതിയറയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു വീടിനു തീപിടിച്ചു. പുതിയറ നേതാജിറോഡിൽ സൗഭാഗ്യ അപ്പാർട്മെന്റിനു സമീപം നെങ്ങത്തൻ കണ്ടിപ്പറന്പ് ടി. ജയപ്രകാശിന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് സമീപവാസികൾ ബഹളം വച്ചതിനെത്തുടർന്നാണ് വിവരം പുറത്തറിഞ്ഞത്. സമീപത്തുതന്നെയുള്ള വീട്ടിൽ റസിഡന്റ്സ് അസോസിയേഷൻ മീറ്റിങ്ങിൽ പങ്കെടുക്കുകയായിരുന്നു ജയപ്രകാശ്. ബഹളം കേട്ട് ഓടിയെത്തിയ ജയപ്രകാശ് അകത്ത് അസുഖബാധിതയായി കിടക്കുന്ന അമ്മ കൗസല്യയെയും എടുത്തു കൊണ്ട് പുറത്തെത്തിയപ്പൊഴേക്കും സിലിണ്ടർ പൊട്ടിത്തെറിച്ചു. ആർക്കും പരിക്കേറ്റില്ല.
അമ്മയെക്കൂടാതെ ജയപ്രകാശിന്റെ മകൻ അകത്തുണ്ടായിരുന്നു. പുക ഉയരുന്പൊഴേക്കും മകനെ അയൽവാസികൾ പുറത്തെത്തിച്ചു. അടുക്കള പൂർണമായും തകർന്നു. ഷോർട്ട് സർക്യൂട്ടോ സിലിണ്ടറിൽ നിന്നുള്ള ചോർച്ചയോ ആണ് തീപിടിത്തത്തിനു കാരണമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. ബീച്ച്,വെള്ളിമാടുകുന്ന് ഫയർേസ്റ്റഷനിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. ടിവി, ഫ്രിജ്, പുതുതായി നിർമ്മിക്കുന്നവീട്ടിലേക്കുള്ള ഫർണിച്ചറുകൾ, തുണിത്തരങ്ങൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പൂർണമായും കത്തിയമർന്നു. ഇടുങ്ങിയ റോഡായതിനാൽ ഫയർഫോഴ്സിന്റെ വലിയ വാഹനങ്ങൾക്ക് ആ വഴി വരാൻ കഴിയാത്തതിനാൽ രക്ഷാപ്രവർത്തനം ആദ്യം പരാജയപ്പെട്ടു. ഈ സമയം അയൽക്കാരന്റെ കുടിവെള്ള വിതരണത്തിനു കൊണ്ടുപോകുന്ന മിനിലോറിയിലുണ്ടായിരുന്ന വെള്ളം എത്തിച്ചാണ് നാട്ടുകാർ തീയണക്കുന്പോഴേക്കും ക്വിക്ക് റസ്പോൺസ് വെഹിക്കിളെത്തി തീയണച്ചു.