ജനങ്ങളുടെ സ്നേഹംകൊണ്ട് ഗുജറാത്തിൽ വിജയിക്കും : രാഹുൽ

ന്യൂഡൽഹി : ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ സ്നേഹം കൊണ്ട് കോൺഗ്രസ്സിന് വിജയിക്കാനാകുമെന്ന് ഉറപ്പുണ്ടെന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി സ്വയം പുകഴ്ത്തൽ മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. തിരഞ്ഞെടുപ്പ് മോഡിയുടേതോ രാഹുലിന്റേതോ അല്ല ഗുജറാത്തിലെ ജനങ്ങളുടെ ഭാവി സംബന്ധിച്ചതാണെന്നും രാഹുൽ ഓർമ്മിപ്പിച്ചു.
മോഡിജിയുടെ പ്രസംഗം ഞാൻ കേട്ടു. അദ്ദേഹത്തെക്കുറിച്ച് മാത്രമാണ് 90 ശതമാനം വാക്കുകളും. തിരഞ്ഞെടുപ്പ് എന്നത് എന്നെയോ മോഡിജിയെയോ സംബന്ധിച്ചതല്ല. അത് കോൺഗ്രസ്സിനെയോ ബിജെപിയെയോ സംബന്ധിച്ചതുമല്ല. അത് ഗുജറാത്തിലെ ജനങ്ങളുടെ ഭാവിയെക്കുറിച്ചുള്ളതാണ്. ഞായറാഴ്ച ഡാക്കോറിൽ നടന്ന പ്രചാരണറാലിയിൽ രാഹുൽ പറഞ്ഞു.
മോഡി തന്നെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തുന്നത് തുടരുകയാണെന്നും രാഹുൽ ആരോപിച്ചു. പ്രധാനമന്ത്രി തന്നെപ്പറ്റി എന്തൊക്കെ പറഞ്ഞാലും താനത് കാര്യമാക്കുന്നില്ല, പ്രധാനമന്ത്രി പദത്തോട് തനിക്ക് ബഹുമാനമുണ്ടെന്നും രാഹുൽ പറഞ്ഞു. മോഡിക്കെതിരെ മോശം പരാമർശങ്ങൾ നടത്തരുതെന്ന് പാർട്ടി പ്രവർത്തകരോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ടെന്നും വിജയിക്കാൻ അത്തരം നീക്കങ്ങൾ ആവശ്യമില്ലെന്നും രാഹുൽ പറഞ്ഞു.