പാകിസ്ഥാനുമായി ചേർന്ന് ഗൂഢാലോചന നടത്തുന്നത് ബിജെപിയാണെന്ന് കോൺഗ്രസ്

ന്യൂഡൽഹി : കോൺഗ്രസ് പാകിസ്ഥാനുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്ഥാവനയ്ക്ക് കോൺഗ്രസിന്റെ മറുപടി. പാകിസ്ഥാനുമായി ചേർന്ന് ഗൂഢാലോചന നടത്തുന്നത് ബിജെപിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് വക്താവ് ആർഎസ് സുർജെവാലയാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
ഭീകരാക്രമണത്തിനു ശേഷം പഠാൻകോട്ടിലെ വ്യോമതാവളത്തിൽ പാകിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് സന്ദർശനത്തിന് അനുമതി നൽകിയത് ബിജെപി സർക്കാരാണെന്ന് കോൺഗ്രസ് വക്താവ് സുർജെവാല പറഞ്ഞു.
ആർക്കാണ് പാകിസ്ഥാനോട് സ്നേഹമുള്ളതെന്ന് എല്ലാവർക്കും അറിയാം. 2015 ഓഗസ്റ്റിലെ ഉധംപുർ ഭീകരാക്രമണത്തിനും 2015 ജൂലായിലെ ഗുർദാസ്പുർ ഭീകരാക്രമണത്തിനും ശേഷം ക്ഷണിക്കപ്പെടാത്ത അതിഥിയായി ആരാണ് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയുടെ കൊച്ചുമകളുടെ വിവാഹത്തിൽ പങ്കെടുത്തത്? 2015 ഡിസംബറിൽ നരേന്ദ്ര മോഡി പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കൊച്ചുമകളുടെ വിവാഹത്തിൽ പങ്കെടുത്തതിനെ പരാമർശിച്ച് സുർജെവാല പറഞ്ഞു.