2025ൽ വ്യോമഗതാഗത രംഗത്ത് ഇന്ത്യ മൂന്നാമത്തെ ശക്തിയായി മാറും : അയാട്ട സർവേ

ന്യൂഡൽഹി : വ്യോമഗതാഗത രംഗത്ത് 2025ൽ ഇന്ത്യ ലോകത്ത് മൂന്നാമത്തെ വൻശക്തിയായി മാറുമെന്ന് രാജ്യാന്തര വ്യോമഗതാഗത സംഘടനയായ അയാട്ടയുടെ ഏറ്റവും പുതിയ സർവേ. 2025നുശേഷം വ്യോമയാന മേഖലയിലെ വളർച്ചയിൽ ചൈനയും അമേരിക്കയും മാത്രമാകും ഇന്ത്യയ്ക്കു മുന്നിൽ. ബ്രിട്ടനെയും ഇന്തൊനേഷ്യയെയും പിന്തള്ളിയാണ് ഇന്ത്യ മൂന്നാം സ്ഥാനത്തേക്കെത്തുന്നത്.
അയാട്ട പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ചൈനയിലെ വിമാനയാത്രക്കാരുടെ എണ്ണം 55 കോടിയിൽനിന്നു 2036ൽ 140 കോടിയായി ഉയരും. അമേരിക്കയുടേത് 70 കോടിയിൽ നിന്ന് 112.50 കോടിയായി ഉയരും. ഇപ്പോൾ ഏഴാം സ്ഥാനത്തുള്ള ഇന്ത്യയാണ് 20 വർഷം കൊണ്ട് വളർച്ചയിൽ മൂന്നാം സ്ഥാനത്തെത്തുക. വളർച്ചയുടെ കാര്യത്തിൽ ബ്രിട്ടനും ഇന്തോനേഷ്യക്കും പുറമെ ജപ്പാൻ, സ്പെയിൻ, ജർമനി എന്നീ രാജ്യങ്ങളെയും ഇന്ത്യ പിന്നിലാക്കും.
ലോകത്തെന്പാടുമായി വിമാനയാത്രക്കാരുടെ എണ്ണം 2036ൽ നിലവിലുള്ള 400 കോടി എന്നത് ഏതാണ്ട് 780 കോടിയായി വളരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതിവർഷം 3.6 ശതമാനം വാർഷികവളർച്ചയാണ് ഇക്കാര്യത്തിൽ ആഗോളതലത്തിൽ പ്രതീക്ഷിക്കുന്നത്.
ചൈന നേരത്തെ പ്രവചിച്ചതിൽ നിന്നും രണ്ടു വർഷം മുന്പേ 2022ൽ തന്നെ അമേരിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തും. ചൈനയിലെ അതിദ്രുത വളർച്ചയും അമേരിക്കയിൽ വ്യോമയാന മേഖലയിലെ വളർച്ചയിലുണ്ടാകുന്ന കുറവുമാണ് ഇതിനു കാരണമായി സൂചിപ്പിക്കുന്നത്.