ഇന്ത്യക്ക് ലോകബാങ്കിന്‍റെ ഗുഡ് സർട്ടിഫിക്കറ്റ്

ന്യൂഡൽഹി : ഉദാരവൽക്കരണം റോക്കറ്റ് വേഗതയിൽ നടപ്പാക്കിയ നരേന്ദ്ര മോഡി സർക്കാരിന് ലോകബാങ്കിന്‍റെ ഗുഡ് സർട്ടിഫിക്കറ്റ്. ലോകബാങ്ക് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യ മാത്രമാണ് അടിസ്ഥാന മാറ്റങ്ങൾ വരുത്തിയ രാജ്യം. 2003 മുതൽ നിർദ്ദേശിക്കപ്പെട്ടിരുന്ന 37 സാന്പത്തിക പരിഷ്‌കരണങ്ങളിൽ പകുതിയോളം കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഇന്ത്യ നടപ്പിലാക്കി. വേഗത്തിൽ വ്യവസായം തുടങ്ങാൻ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 100ാം സ്ഥാനത്തെത്തി.
130ാം സ്ഥാനത്തുനിന്നാണ് ഇന്ത്യ കുതിച്ചുയർന്നത്. കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സാന്പത്തിക പരിഷ്‌കരണങ്ങൾ അതിവേഗം നടപ്പാക്കാൻ തയ്യാറായതാണ് ഇന്ത്യയുടെ കുതിപ്പിന് കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ചരക്കുസേവന നികുതി, നിയമ പരിഷ്‌കരണങ്ങൾ തുടങ്ങിവയാണ് സർക്കാർ നടപ്പിലാക്കിയ സാന്പത്തിക പരിഷ്‌കരണങ്ങൾ. 2017 ഏറ്റവും കൂടുതൽ പ്രവർത്തന മികവു കാണിച്ച രാജ്യങ്ങളിൽ ആദ്യ പത്തിൽ ഇന്ത്യയ്ക്കും സ്ഥാനമുണ്ട്.