സങ്കുചിത ദേശീയ വാദികളെ തിരിച്ചറിയണം: മുഖ്യമന്ത്രി

ചെറുവത്തൂർ : മതത്തെ രാഷ്‌ട്രീയ ലാഭങ്ങൾക്കുവേണ്ടി ഉപയോഗിക്കുകയും കപട ദേശീയത ഉയർത്തുകയും ചെയ്യുന്ന സങ്കുചിത ദേശീയ വാദികളെ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറുവത്തൂർ കുട്ടമത്ത് നഗറിൽ പൂമാല ഓഡിറ്റോറിയത്തിൽ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന മഹാകവി കുട്ടമത്തിന്റെ സന്പൂർണ്ണ കൃതികൾ പ്രകാശനം ചെയതു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ മനുഷ്യരെയും ഏകോദരസോദരങ്ങളെപോലെ കാണുന്ന ഇന്ത്യൻ ദേശീയതയുടെ സാംസ്‌ക്കാരിക രാഷ്‌ട്രീയ വീക്ഷണം ഉയർത്തി പിടിച്ച കവിയായിരുന്നു കുട്ടമത്തെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
സോഷ്യലിസ്റ്റ് സങ്കൽപ്പം ഉൾക്കൊണ്ടിരുന്നതിനാൽ എല്ലാതരം വിഭാഗീയ കാഴ്‌ച്ചപ്പാടുകളെയും എതിർക്കാൻ കുട്ടമത്തിന് കഴിഞ്ഞവെന്നും മഹാകവിയുടെ ബാലഗോപാലൻ എന്ന നാടകം വടക്കേ മലബാറിൽ ജനപ്രീതി നേടാനുള്ള പ്രധാനകാരണവും അതാണെന്നും നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തെ പോലെ ബാലഗോപാലനും പുരോഗമന ചിന്താഗതികൾ വളർത്താൻ അരങ്ങുകളിൽ വലിയ സംഭാവനകൾ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ. കേളപ്പനുമായുള്ള സൗഹൃദം മഹാകവി കുട്ടമത്തിനെ ദേശീയ പ്രസ്ഥാനവുമായി അടുപ്പിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രി നാടിന്റെ സാംസ്‌ക്കാരിക വളർച്ചയ്‌ക്ക് കുട്ടമത്ത് കുടുംബം വലിയ പങ്കുവഹിച്ചുവെന്നും ചൂണ്ടിക്കാട്ടി. മഹാകവി ജാതി ബോധത്തെ നിശിതമായി വിമർശിച്ചു. കപട ദേശീയ വാദികളെ തിരിച്ചറിയാൻ കുട്ടമത്തിന്റെ കൃതികൾ വീണ്ടും വായിക്കുന്നത് ഉചിതമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ എം. രാജഗോപാലൻ എം. എൽ.എ അദ്ധ്യക്ഷത വഹിച്ചു.