ട്രോളിംഗ് നിരോധനം: കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

ന്യൂഡല്‍ഹി: ട്രോളിംഗ് ദിവസം കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. രാവിലെ കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിംഗുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയത്തില്‍ അനുകൂല തീരുമാനം കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായില്ല. പരമ്പരാഗതമായി 47 ദിവസമായിരുന്ന ട്രോളിംഗ് നിരോധനം ഇത്തവണ മുതല്‍ 61 ദിവസമായി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.
കടുത്ത പ്രതിഷേധമാണു ഇതിനെതിരേ മത്സ്യമേഖലയില്‍ ഉയര്‍ന്നുവന്നത്. ഇത്രയും അധികം ദിവസം ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയാല്‍ മത്സ്യതൊഴിലാളികള്‍ വലിയ പട്ടിണിയില്‍ ആകുമെന്ന കേരളത്തിന്റെ വാദവും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയാറായില്ല. റബറിന്റെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കണമെന്നും കേന്ദ്ര കൃഷിമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. മന്ത്രിമാരായ കെ.പി.മോഹനന്‍, ഷിബു ബേബി ജോണ്‍ എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്.