ചീഫ് ജസ്റ്റിസിന്റെ നിയമനം ചോദ്യം ചെയ്തു : സ്വാമി ഓമിന് 10 ലക്ഷം പിഴ

ന്യൂഡൽഹി : വിവാദ പുരുഷനായ ആൾദൈവം സ്വാമി ഓമിന് സുപ്രീംകോടതി 10 ലക്ഷം രൂപ പിഴയിട്ടു. ജസ്റ്റിസ് ദീപക് മിശ്രയെ പുതിയ ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി ബാലിശമാണെന്ന് വ്യക്തമാക്കിയാണ് പത്ത് ലക്ഷം രൂപ വീതം കോടതി പിഴയിട്ടത്. അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ രാഷ്ട്രപതിയോട് ശുപാർശ ചെയ്യുന്ന കീഴ്‌വഴക്കം ശരിയല്ലെന്നാരോപിച്ചാണ് സ്വാമി ഓം സുപ്രീംകോടതിയെ സമീപിച്ചത്. ഒരുമാസത്തിനുള്ളിൽ പിഴ അടക്കണമെന്നും ഈ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും കോടതി വ്യക്തമാക്കി.