ഔദ്യോഗിക ഉത്തരവാദിത്തം ഏറ്റെടുക്കാം : സർക്കാരിന് സെൻകുമാറിന്റെ കത്ത്

തിരുവനന്തപുരം : ഏത് ഒൗദ്യോഗിക ഉത്തരവാദിത്വവും ഏറ്റെടുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി മുൻ പോലീസ് മേധാവി ടി.പി. സെൻകുമാർ സർക്കാരിന് കത്ത് നൽകി. സർവീസിൽ നിന്ന് വിരമിച്ചുകഴിഞ്ഞാൽ, പുതിയ സർക്കാർ പദവികളിൽ ജോലി ചെയ്യണമെങ്കിൽ ഇത്തരത്തിൽ സമ്മതപത്രം നൽകണമെന്ന വ്യവസ്ഥ പാലിച്ചാണ് ഇത്. ഭരണ പരിഷ്കാര പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ കത്ത്, അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കൈമാറി.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗമായി ചീഫ് ജസ്റ്റിസ് ശിപാർശ ചെയ്ത പട്ടികയിൽ സെൻകുമാറിനെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഈ പട്ടിക റദ്ദാക്കണമെന്നും പുതിയതായി തിരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. ടി.പി. സെൻകുമാറിനെ നിയമിച്ചുള്ള ഉത്തരവ് ഉണ്ടായാൽ ഇത്തരത്തിൽ സമ്മതപത്രം ആവശ്യമാണെന്നതിനാലാണ് അദ്ദേഹം കത്ത് നൽകിയത്.