പുതിയ ഇന്ത്യ എന്ന ആശയം സമൂഹത്തിന്റെ അവിഭാജ്യ ഘടകമാക്കണമെന്ന് രാഷ്ട്രപതി


ന്യൂഡൽഹി : പുതിയ ഇന്ത്യ എന്ന ആശയം സമൂഹത്തിന്റെ അവിഭാജ്യ ഘടകമാക്കണമെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. അനുകന്പയും സമത്വവും സഹകരണവും നിറഞ്ഞ സമൂഹമാകണം ഇന്ത്യ. സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

'എണ്ണിയാലൊടുങ്ങാത്ത സമരസേനാനികളുടെ പോരാട്ടത്തിന്റെയും ജീവത്യാഗത്തിന്റെയും ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. സ്വാതന്ത്ര്യസമരസേനാനികളുടെ ത്യാഗത്തെ നമ്മൾ മറക്കരുത്. ഗാന്ധിജി ഒറ്റയ്ക്കായിരുന്നില്ല സ്വാതന്ത്യസമരം നയിച്ചത്. നേതാജി സുഭാഷ് ചന്ദ്രബോസ്, ജവാഹർലാൽ നെഹ്‌റു, സർദാർ വല്ലഭ്ഭായി പട്ടേൽ, അംബേദ്കർ, ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ് തുടങ്ങി നിരവധി നേതാക്കൾ സമരത്തിന്റെ മുന്നണിയിൽനിന്നു. അവരുടെ സംഭാവനകൾ ഓർക്കണം.

തന്റെ കുട്ടിക്കാലത്ത് ജാതിമത ചിന്തകളില്ലാതെ ഉത്തരവാദിത്തങ്ങൾ എല്ലാവരുംപങ്കിടുകയും ആഘോഷിക്കുകയും ചെയ്യും. അവിടെ സഹകരണത്തിന്റെയും പങ്കിടലിന്റെയും മാതൃകയുണ്ടായിരുന്നു. ഇന്നു പക്ഷേ, വലിയ നഗരങ്ങളിൽ അയൽക്കാരെപ്പോലും പലർക്കുമറിയില്ല. ഗ്രാമമോ നഗരമോ ആകട്ടെ, സഹകരണവും പങ്കിടലും തിരികെ കൊണ്ടുവരണം. ഇത് സമൂഹത്തെ ആകമാനം സന്തോഷിപ്പിക്കും.

സർക്കാർ നടപ്പാക്കിയ ചരക്ക് - സേവന നികുതി (ജിഎസ്ടി) രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടാക്കും. 2022ൽ രാജ്യം 75–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. അപ്പോഴേക്കും 'പുതിയ ഇന്ത്യ' എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനാകണം. 125 കോടി ജനങ്ങൾ ഒരുമിച്ചുനിന്ന് ദീപം തെളിച്ചാൽ പുതിയ ഇന്ത്യയിലേക്കുള്ള യാത്ര ദീപ്തമാകും- രാഷ്ട്രപതി റാംനാഥ് കോവിന്ദ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed