200 രൂപ നോട്ടുകളുടെ അച്ചടി ആരംഭിച്ചു

മുംബൈ : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 200 രൂപയുടെ നോട്ടുകളുടെ അച്ചടി ആരംഭിച്ചു. നോട്ടുനിരോധനത്തെ തുടർന്ന് കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ ക്ഷാമം നേരിടുന്നത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് 200 രൂപയുടെ നോട്ടുകൾ പുറത്തിറക്കുന്നത്. പുതിയ 200 രൂപ നോട്ടുകളിറക്കാൻ മാർച്ചിൽ ചേർന്ന ആർ.ബി.ഐ ബോർഡ് യോഗം തീരുമാനിച്ചിരുന്നു. അതേസമയം പുതിയ നോട്ടിന്റെ അച്ചടി ആരംഭിച്ച കാര്യം റിസർവ് ബാങ്ക് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇതുസംബന്ധിച്ച സ്ഥിരീകരണത്തിന് അയച്ച ഇ−മെയിലിന് പ്രതികരണമുണ്ടായില്ല.
കഴിഞ്ഞ വർഷം നവംബർ എട്ടിനായിരുന്നു കേന്ദ്രസർക്കാർ രാജ്യത്തെ ഉയർന്ന മൂല്യമുള്ള നോട്ടുകൾ നിരോധിച്ചത്. ഇതോടെ പണത്തിന് ക്ഷാമമായി. തുടർന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഇത് ജനജീവിതം ദുസ്സഹമാക്കി. അതിനുശേഷം പുതിയ അഞ്ഞൂറുരൂപ നോട്ടും 2000 രൂപ നോട്ടും ഇറക്കി. 2000 രൂപ നോട്ട് ഉപയോഗിച്ചുള്ള ഇടപാട് എളുപ്പമല്ലെന്ന പരാതിയെത്തുടർന്നാണ് 200 രൂപയുടെ പുതിയനോട്ട് ഇറക്കുന്നത് പരിഗണിച്ചത്.