ബാലനെ ദത്തെടുത്ത് പണത്തിനായി കൊലപ്പെടുത്തി

അഹമ്മദാബാദ്: കോടികളുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി എന്‍ ആര്‍ ഐ ദമ്പതികള്‍ ദത്തെടുത്ത 13 കാരനെ കൊലപെടുത്തി. സുഹൃത്തിന്റെ സഹായത്തോടെ വാടക ഗുണ്ടകളെ ഏര്‍പെടുത്തിയാണ് ലണ്ടനില്‍ താമസമാക്കിയ ദമ്പതികള്‍ രാജ്ഘട്ടിലെ ദത്തുപുത്രനെ കൊലപെടുത്തിയത്. കേസില്‍ പൊലീസ് ആരതി ലോകനാഥിനെതിരെയും ഭര്‍ത്താവ് കന്‍വാള്‍ജിത്ത് സിന്‍ഹ് റെയ്ജാടയ്ക്കെതിരെയും ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്തു.
രണ്ട് വര്‍ഷം മുമ്പായിരുന്നു കുട്ടിയെ ദത്തെടുത്ത് ഇന്‍ഷുര്‍ ചെയ്ത് കൊല നടത്താനുള്ള ഗൂഡാലോചന. ആരതിയുടെ നിര്‍ദേശപ്രകാരം സുഹൃത്ത് നിതീഷ് മുണ്ടാണ് ഗോപാലിനെ ദത്തെടുത്തത്. ഗുജറാത്തില്‍ തന്നെ കുട്ടിയെ നിര്‍ത്തി ദമ്പതികള്‍ ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു. കുട്ടിയുടെ പേരില്‍ 1.20 കോടി രൂപയുടെ ഇന്‍ഷുറന്‍സും ഇവര്‍ എടുത്തു. വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് കൃത്യമായി ആസൂത്രണം ചെയ്ത് വാടക ഗുണ്ടകളുടയും സുഹൃത്ത് നീതീഷിന്റെയും സഹായത്തോടെ ദമ്പതികള്‍ കുട്ടിയെ കൊലപെടുത്തിയത്. അഞ്ച് ലക്ഷം രുപയാണ് വാടകഗുണ്ടകള്‍ക്ക് പ്രതിഫലം നല്‍കിയത്. ബൈക്കില്‍ വന്ന കൊലയാളികള്‍ വീട്ടിലേക്ക് പോകുകയായിരുന്ന ഗോപാലിനെ കത്തി കൊണ്ട് കുത്തി കൊലപെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ലണ്ടനിലെ വിസ കാലാവധി കഴിഞ്ഞ് ഗുജറാത്തിലേക്ക് തിരിച്ചെത്തിയ നിതീഷിന്റെ കൂടെയാണ് 2015 മുതല്‍ ഗോപാല്‍ താമസിച്ചിരുന്നത്. കേസില്‍ നിതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് കൊലപാതകത്തില്‍ എന്‍ആര്‍ഐ ദമ്പതികളുടെ പങ്ക് പൊലീസിനു വ്യക്തമായത്. ഇപ്പോള്‍ ലണ്ടനില്‍ താമസിക്കുന്ന ദമ്പതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചുവെന്ന് ഇന്‍സ്‌പെക്ടര്‍ അശോക് തില്‍വ പറഞ്ഞു.