കൂവത്തൂരിൽ നിരോധനാജ്ഞ

ചെന്നൈ: കൂവത്തൂരിലെ സ്വകാര്യ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ കാണാന്‍ കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം എത്തില്ല. പ്രദേശത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് അദ്ദേഹത്തെയും സംഘത്തെയും വഴിയില്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് ഇത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അണ്ണാഡിഎംകെ അധ്യക്ഷ ശശികല നടരാജനെതിരെ സുപ്രിംകോടതി വിധി വന്നതിന് പിന്നാലെയാണ് ഒ പനീര്‍സെല്‍വം എംഎല്‍എമാരുടെ പിന്തുണ തേടി കൂവത്തൂരിലെ റിസോര്‍ട്ടിലേക്ക് തിരിച്ചത്. വിദ്യാഭ്യാസമന്ത്രി പാണ്ഡ്യരാജനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പനീര്‍സെല്‍വം എത്തിയാലുണ്ടാകുന്ന സുരക്ഷ പ്രശ്‌നം കണക്കിലെടുത്ത് വന്‍ സുരക്ഷ സംവിധാനമാണ് റിസോര്‍ട്ടിന് ചുറ്റും ഒരുക്കിയത്. ഇന്ന് ഇവിടെ നിന്ന് ചില ഗുണ്ടകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിസോര്‍ട്ടിലെ കാവല്‍ക്കാര്‍ എന്ന നിയലയില്‍ പ്രവര്‍ത്തിച്ച ഗുണ്ടകളെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ ചേര്‍ന്ന യോഗത്തില്‍ പനീര്‍സെല്‍വത്തെയും പിന്തുണയ്ക്കുന്ന എംഎല്‍എമാരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.