വായു മലിനീകരണം: മരിച്ചവരില്‍ പകുതിയിലേറെയും ഇന്ത്യ-ചൈനക്കാർ


ഡൽഹി: ലോകത്ത് 2015ല്‍ വായുമലിനീകരണത്തിന്റെ ഫലമായി മരിച്ചവരില്‍ പകുതിയിലേറെയും ഇന്ത്യ-ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ട്. അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് എഫക്റ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ ലോകത്താകെ മലിനീകരണത്തിന്റെ ഫലമായി 2015ല്‍ മരിച്ച 42 ലക്ഷം പേരില്‍ 22 ലക്ഷവും ഇരുരാജ്യങ്ങളില്‍ നിന്നുമുള്ളവരാണെന്ന് കണ്ടെത്തി.

ലോകത്ത് 92 ശതമാനം ജനങ്ങളും ജീവിക്കുന്നത് മലിനീകരിക്കപ്പെട്ട അന്തരീക്ഷത്തിലാണെന്ന് പഠനം കണ്ടെത്തി. ക്യാന്‍സര്‍, പക്ഷാഘാതം, ഹൃദ്രോഗങ്ങള്‍, ആസ്ത്മ, പോലുള്ള രോഗങ്ങള്‍ വര്‍ധിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിന്റെ ഫലമായാണെന്ന് പഠനം വ്യക്തമാക്കുന്നു.

ചൈനയിലും ഇന്ത്യയിലും 2015ല്‍ 11 ലക്ഷം പേര്‍ വീതമാണ് മലിനീകരണത്തിന് ഇരയായി മരിച്ചത്. എന്നാല്‍ ചൈന അതെത്തുടര്‍ന്ന് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി എച്ച്.ഇ.ഐ പ്രസിഡന്റ് ഡാന്‍ ഗ്രീന്‍ബാം റോയിറ്റേഴ്‌സിനോട് പറഞ്ഞു.

അന്തരീക്ഷ മലിനീകരണത്തിന് മരണനിരക്ക് വര്‍ധിക്കുന്നതുമായി ബന്ധമില്ലെന്ന് പോലും അവകാശപ്പെടുന്ന ചില മന്ത്രിമാര്‍ ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തെ ഇന്ത്യ ഗൗരവമായി കാണേണ്ട സമയം അതിക്രമിച്ചതായും ഡാന്‍ ഗ്രീന്‍ബാം പറഞ്ഞു.

You might also like

  • Straight Forward

Most Viewed