ഗാന്ധിജിയെ മഹാത്മാ എന്നു വിളിച്ചത് ടാഗോര്‍ അല്ലെങ്കിൽ പിന്നെ ആര് ?

അഹമ്മദാബാദ്: രാഷ്ട്രപിതാവ് മോഹന്‍ദാസ് കരം ചന്ദ് ഗാന്ധിയെ മഹാത്മാ എന്നു വിളിച്ചത് രവീന്ദ്രനാഥ ടാഗോര്‍ അല്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍. സൗരാഷ്ട്രയിലെ ജഠ്പൂരില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനാണ് ഗാന്ധിയെ ആദ്യമായി മഹാത്മാ എന്ന് വിശേഷിച്ചതെന്നാണ് പുതിയ കണ്ടെത്തല്‍.
സര്‍ക്കാര്‍ വകുപ്പുകളിലേക്ക് റിക്രൂട്ടിംഗ് ഏജന്‍സിയായ രാജ്‌കോട്ട് ജില്ലാ പഞ്ചായത്ത് ശിക്ഷണ്‍ സമിതി നടത്തിയ പരീക്ഷയുടെ ഉത്തരസൂചികയിലാണ് ഇങ്ങനെ പറഞ്ഞത്.
പരീക്ഷാര്‍ത്ഥികളില്‍ ഒരാൾ ഇതിനെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയും, കോടതി സർക്കാരിനോട് സത്യവാങ്ങ്മൂലം നല്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഗാന്ധിജിക്ക് ആരാണ് മഹാത്മാ എന്ന വിശേഷണം നല്‍കിയതെന്ന ചോദ്യത്തിന് ആദ്യം നല്‍കിയ ഉത്തരസൂചികയില്‍ ടാഗോര്‍ എന്നു നൽകിയിരുന്നു. പിന്നീട് നല്‍കിയ ഉത്തരസൂചികയില്‍ അജ്ഞാതനായ മാധ്യമപ്രവര്‍ത്തകന്‍ എന്ന് തിരുത്തുകയും ചെയ്തതായി പരാതിക്കാരി പറയുന്നു.
ഗാന്ധിജി ദക്ഷിണാഫ്രിക്കയിലായിരുന്ന കാലഘട്ടത്തില്‍ സൗരാഷ്ട്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ അയച്ച കത്തിലാണ് ആദ്യമായി മഹാത്മാ എന്ന് വിശേഷിപ്പിച്ചതെന്ന് വിശദമാക്കിക്കൊണ്ട് പഞ്ചായത്ത് സമിതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. തെളിവായി ഗാന്ധിയനായ നാരായണ്‍ ദേശായിയുടെ പുസ്തകവും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.