രാജ്യം ഇനിയും വിഭജിക്കണമെന്നാണോ ആഗ്രഹം: രാഹുലിനെതിരെ അമിത് ഷാ



ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ വിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ജെഎന്‍യുവില്‍ അഫ്സല്‍ ഗുരുവിനെ അനുകൂലിച്ചു പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ പിന്തുണയ്ക്കുന്ന രാഹുല്‍ ഗാന്ധി ദേശവിരുദ്ധര്‍ക്കൊപ്പമാണെന്നു തെളിഞ്ഞിരിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു. ബ്ളോഗിലാണു രാഹുലിനെതിരേ ഷാ വിമര്‍ശനം ഉന്നയിച്ചത്. രാഹുലിനോട് എട്ടു ചോദ്യങ്ങളും അമിത് ഷാ ഉന്നയിക്കുന്നുണ്ട്. പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയ വിഘടനവാദികളായ വിദ്യാര്‍ഥികള്‍ക്ക് ഒപ്പമാണോ രാഹുല്‍ ഗാന്ധി.? അഭിപ്രായ സ്വാതന്ത്യ്രത്തിന്റെ പേരില്‍ വിഘടനവാദികള്‍ക്കൊപ്പം നില്‍ക്കുന്ന രാഹുലിനു രാജ്യം മറ്റൊരു വിഭജനത്തിലേക്കു പോകണമെന്നാണോ ആഗ്രഹം.? കേന്ദ്രസര്‍ക്കാര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരേ നടപടി സ്വീകരിക്കണ്ടേ? ഇത്തരം ദേശവിരുദ്ധരെ പിന്തുണയ്ക്കുന്നതിലൂടെ ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയല്ലേ അങ്ങ് സ്വീകരിക്കുന്നത്.? 1975-ലെ അടിയന്തരാവസ്ഥയെക്കുറിച്ച് രാഹുല്‍ മറന്നുപോയോ?. അടിയന്തരാവസ്ഥ എന്നാല്‍ സ്വാതന്ത്യ്രം എന്നാണോ കോണ്‍ഗ്രസ് കരുതുന്നത്.? ഹിറ്റ്ലറിനെ പോലെയായിരുന്നു ഇന്ദിരാ ഗാന്ധിയെന്ന് രാഹുല്‍ കരുതുന്നില്ലേ? അഫ്സല്‍ ഗുരുവിനെ പ്രകീര്‍ത്തിച്ച് മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതാണോ രാഹുല്‍ ഗാന്ധിയുടെ രാജ്യസ്നേഹം.? സിയാച്ചിനില്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ലാന്‍സ് നായിക് ഹനുമന്തപ്പയ്ക്ക് രാഹുല്‍ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നോ.? രാജ്യത്തെ 125 കോടി ജനങ്ങളെ പ്രതിനിധികരിച്ചാണ് താങ്കളോട് ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഇതിനു മറുപടി നല്‍കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ദേശവിരുദ്ധരെ പിന്തുണച്ച രാഹുല്‍ മാപ്പുപറയാന്‍ തയാറാകണമെന്നും ഷാ ബ്ളോഗില്‍ കുറിച്ചു.

You might also like

Most Viewed