സ്കൂള്‍ കെട്ടിടത്തിനുള്ളില്‍ നിന്നും പിടികൂടിയ പുള്ളിപ്പുലി രക്ഷപ്പെട്ടു

ബംഗളൂരു: വൈറ്റ് ഫീല്‍ഡിനടുത്ത കുണ്ടാലഹള്ളിയിലെ വിബ്ജിയോര്‍ സ്കൂള്‍ കെട്ടിടത്തിനുള്ളില്‍ നിന്നും പിടികൂടിയ പുള്ളിപ്പുലി രക്ഷപ്പെട്ടു. ബാനര്‍ഘട്ടയിലെ നാഷണല്‍ പാര്‍ക്കിലെ കൂട്ടില്‍ പാര്‍പ്പിച്ചിരുന്ന പുലി ഞായറാഴ്ച രക്ഷപ്പെടുകയായിരുന്നു. ഭക്ഷണം നല്‍കാനായി തുറന്ന കൂട്ടില്‍ നിന്നു പുലി രക്ഷപ്പെട്ടതാകാമെന്നാണ് അധികൃതര്‍ പറയുന്നത്. പുലി പരിസരത്തു തന്നെ കാണുമെന്നും ജനങ്ങള്‍ പരിഭ്രാന്തരാക്കേണ്ടെന്നും പാര്‍ക്ക് ഡയറക്ടര്‍ സന്തോഷ് പറഞ്ഞു. വിബ്ജിയോര്‍ സ്കൂള്‍ വളപ്പില്‍ പുള്ളിപ്പുലി കയറുന്നതു സെക്യൂരിറ്റി ഗാര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വനപാലകരെത്തി പിടികൂടിയത്. സിസിടിവിയിലൂടെ പുലിയുടെ നീക്കം മനസിലാക്കിയാണു വനപാലകര്‍ തെരച്ചില്‍ നടത്തിയത്. ഒടുവില്‍ 14 മണിക്കൂറിനുശേഷം വൈകുന്നേരം ആറോടെയാണ് പുലിയെ മയക്കുവെടി വച്ചു പിടികൂടാനായത്. വനം-വന്യജീവി വിദഗ്ധന്‍ സഞ്ജയ് ഗുബ്ബി, രണ്ടു പ്രാദേശിക ഫോട്ടോഗ്രാഫര്‍മാര്‍, ഒരു പ്രദേശവാസി എന്നിവര്‍ക്കു പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.