ജെല്ലിക്കെട്ട് അനുവദിക്കാന്‍ തമിഴ്‌നാടിന് ഓര്‍ഡിനന്‍സ് ഇറക്കാവുന്നതാണെന്ന് നിര്‍മല സീതാരാമന്‍

ചെന്നൈ: പൊങ്കല്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് ജെല്ലിക്കെട്ട് അനുവദിക്കാന്‍ തമിഴ്‌നാടിന് ഓര്‍ഡിനന്‍സ് ഇറക്കാവുന്നതാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടു. തമിഴ്‌നാട് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചാല്‍ കേന്ദ്രം അതിനെ പിന്തുണയ്ക്കുമെന്നും അവര്‍ വ്യക്തമാക്കി. സുപ്രീം കോടതിയുടെ പരിഗണനയിലുളള കേസായതിനാല്‍ കേന്ദ്രത്തിന് നിലവില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിയില്ല. എന്നാല്‍, തമിഴ്‌നാടിന് ഓര്‍ഡിനന്‍സ് ഇറക്കാവുന്നതാണ്. കേന്ദ്രം അതിനെ പിന്‍താങ്ങും-അവര്‍ പറഞ്ഞു. ജെല്ലിക്കെട്ട് നിരോധിച്ചത് ഓര്‍ഡിനന്‍സിലൂടെ എടുത്തുമാറ്റിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയെക്കുറിച്ച് പരാമര്‍ശിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
ജെല്ലിക്കെട്ടിന് അനുമതി നല്‍കികൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം സുപ്രീംകോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള മുന്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജിയും സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ജെല്ലിക്കെട്ട് അനുവദിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്രത്തിന് നേരത്തെ കത്തെഴുതിയിരുന്നു.