ബഹ്റൈനിൽ ചിലയിടങ്ങളിലുണ്ടായ വൈദ്യുതി തടസ്സം പൂർണ്ണമായി പരിഹരിച്ചതായി ജലവൈദ്യുതി വകുപ്പ്
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ ചില പ്രദേശങ്ങളിൽ താൽക്കാലികമായി അനുഭവപ്പെട്ട ഭാഗികമായ വൈദ്യുതി തടസ്സം പൂർണ്ണമായി പരിഹരിച്ചതായി ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി അറിയിച്ചു. രാജ്യത്തെ ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങിയത് അതോറിറ്റിയുടെ നിരീക്ഷണത്തിലുണ്ടായിരുന്നുവെന്നും തുടർന്ന് വിദഗ്ദ്ധ സാങ്കേതിക സംഘം ഉടനടി രംഗത്തിറങ്ങി ആവശ്യമായ മുൻകരുതലുകളും നടപടികളും സ്വീകരിക്കുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
സാങ്കേതിക വിദഗ്ദ്ധരുടെ സമയബന്ധിതമായ ഇടപെടലിലൂടെ എത്രയും വേഗം തന്നെ സേവനം പുനഃസ്ഥാപിക്കാൻ സാധിച്ചു. നിലവിൽ വൈദ്യുതി തടസ്സം നേരിട്ട എല്ലാ മേഖലകളിലും വിതരണം പൂർണ്ണതോതിൽ പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന് അതോറിറ്റി സ്ഥിരീകരിച്ചു.
ഇത്തരം സാഹചര്യങ്ങളിൽ സംഭവത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഔദ്യോഗികവും അംഗീകൃതവുമായ സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കേണ്ടതിൻ്റെ പ്രാധാന്യം ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ഊന്നിപ്പറഞ്ഞു. തെറ്റായ പ്രചാരണങ്ങളിൽ പെട്ടുപോകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
sdfsf

