യു.എസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്നു: അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവച്ചിട്ടു; ബഹ്‌റൈനിലും കുവൈത്തിലും ശക്തമായ ആക്രമണം


ശാരിക l ഗൾഫ്

തെഹ്റാൻ/വാഷിങ്ടൺ: മിഡിൽ ഈസ്റ്റിൽ കനത്ത യുദ്ധഭീതി പരത്തിക്കൊണ്ട് അമേരിക്കയ്ക്ക് നേരെയുള്ള ഇറാന്റെ പ്രത്യാക്രമണങ്ങൾ തുടരുന്നു. യു.എസിന്റെ അത്യാധുനിക എം.ക്യു 9 (MQ-9) ഡ്രോൺ ഇറാൻ വെടിവച്ചിട്ടു. ഇറാന്റെ ബുഷെഹർ പ്രവിശ്യയിലെ ഖോർമുജിന് മുകളിൽ വെച്ചാണ് ഡ്രോൺ തകർത്തതെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് വക്താവ് ഹുസൈൻ മുഹ്ബി അറിയിച്ചതായി തസ്നിം ന്യൂസ് റിപ്പോർട്ട് ചെയ്തു. യു.എസ് സൈന്യം തങ്ങളെ ആക്രമിച്ചതിനാലാണ് ഇത്തരമൊരു തിരിച്ചടി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പുറമെ ബഹ്‌റൈനിലെയും കുവൈത്തിലെയും 85 അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തങ്ങൾ വൻ ആക്രമണം നടത്തിയതായും ഇറാൻ അവകാശപ്പെട്ടു.

ഇറാൻറെ തെക്കൻ പ്രവിശ്യകൾക്ക് നേരെയുണ്ടായ യു.എസ് ബോംബാക്രമണത്തിനുള്ള ‘പ്രാഥമിക മറുപടി’യാണ് ഇതെന്നാണ് ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സ് (IRGC) വ്യക്തമാക്കുന്നത്. ബഹ്‌റൈനിലെ യു.എസ് അഞ്ചാം കപ്പൽപ്പടയുടെ താവളവും കുവൈത്തിലെ അലി അൽ-സലേം വ്യോമതാവളവും ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർത്തതായും ഐ.ആർ.ജി.സി അവകാശപ്പെടുന്നുണ്ട്. കുവൈത്തിന് നേരെ ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു ഇറാന്റെ പുതിയ ആക്രമണം. അതിർത്തി കടന്നെത്തിയ ഡ്രോണുകളും മിസൈലുകളും വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത് സൈന്യം അറിയിച്ചു. ആക്രമണത്തിന് പിറകെ കുവൈത്തിൽ രാജ്യവ്യാപകമായി സുരക്ഷാ സൈറൻ മുഴങ്ങി. നിലവിലെ സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ സൈന്യം എല്ലാവരോടും അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ, ഫെബ്രുവരി 28ലെ യു.എസ്-ഇറാൻ സംഘർഷത്തിന് പിറകെ കുവൈത്തിനു നേരെ തുടർച്ചയായി ഇറാൻ ആക്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ അടുത്തിടെ ഇറാൻ-യു.എസ് സമാധാന കരാർ നിലവിൽ വന്നതോടെ സ്ഥിതിഗതികൾ ശാന്തമായിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ വീണ്ടും പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.

മറുവശത്ത് ബഹ്‌റൈനിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറൺ മുഴങ്ങിയിട്ടുണ്ട്. ജനങ്ങളോട് ശാന്തരായിരിക്കാനും ഏറ്റവും അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് അടിയന്തിരമായി മാറാനും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. അമേരിക്കൻ സൈന്യം ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതിനെത്തുടർന്ന് മേഖലയാകെ ഇപ്പോൾ കനത്ത ജാഗ്രതയിലാണ്. ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കൻ സൈന്യം വ്യോമാക്രമണം നടത്തിയത്. ഇതോടെ, ജൂണിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച വെടിനിർത്തൽ കരാറും അനുബന്ധ സമാധാന ശ്രമങ്ങളും വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.

ചൊവ്വാഴ്ച ആരംഭിച്ച സൈനിക നടപടിയിൽ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ സംവിധാനങ്ങൾ, ഉപരിതലത്തിൽനിന്ന് വായുവിലേക്കുള്ള മിസൈലുകൾ, കപ്പൽവേധ ക്രൂയിസ് മിസൈലുകൾ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവയാണ് യു.എസ് ലക്ഷ്യമിട്ടതെന്ന് പെന്റഗൺ വൃത്തങ്ങൾ അറിയിച്ചു. ദക്ഷിണ ഇറാനിലെ സിരിക് തുറമുഖം, ഖഷം ദ്വീപ്, ബന്ദർ അബ്ബാസ് എന്നിവക്ക് സമീപം വൻ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിരിക് തുറമുഖത്തെ വാണിജ്യ കേന്ദ്രങ്ങളിലുണ്ടായ ആക്രമണത്തിൽ പലർക്കും പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

ഹുർമുസ് കടലിടുക്കിൽ സൗദി അറേബ്യയുടെയും ഖത്തറിന്റെയും കപ്പലുകൾ ഉൾപ്പെടെ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതാണ് പെട്ടെന്ന് യു.എസ് സൈനിക നടപടിക്ക് വഴിവെച്ചത്. ഒരു ഖത്തറി എൽ.എൻ.ജി ടാങ്കറിന് നേരെ അജ്ഞാത ആക്രമണം ഉണ്ടായപ്പോൾ, സൗദി ടാങ്കറിന് നേരെ ഇറാൻ റെവല്യൂഷണറി ഗാർഡ്സ് മിസൈൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. എന്നാൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈ സംഭവവികാസങ്ങൾക്ക് പിന്നാലെ, ഇറാനിയൻ എണ്ണ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധം താൽക്കാലികമായി നീക്കിയ ഉത്തരവ് യു.എസ് ട്രഷറി വകുപ്പ് അടിയന്തിരമായി റദ്ദാക്കി. ജൂൺ 17ന് ഒപ്പുവെച്ച വെടിനിർത്തൽ കരാർ പ്രകാരം ആഗസ്റ്റ് 21വരെ ഇറാന് എണ്ണ വിൽപ്പന നടത്താൻ അനുമതി നൽകിയിരുന്നു. എന്നാൽ, ഇറാൻ കരാർ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വെറും 20 ദിവസത്തിനുള്ളിൽ തന്നെ യു.എസ് ഈ ഇളവ് പിൻവലിക്കുകയായിരുന്നു. അമേരിക്കയുടെ ഈ നടപടി വെടിനിർത്തൽ കരാറിന്റെ പത്താം വകുപ്പിന്റെ ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഫെബ്രുവരി അവസാനം മുതൽ ഇറാനെതിരെ യു.എസും ഇസ്രായേലും തുടങ്ങിയ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് രൂപീകരിച്ച കരാറാണിത്. തങ്ങളുടെ ദേശീയ സുരക്ഷ ഉറപ്പാക്കാൻ ഏത് കടുത്ത നടപടിയും സ്വീകരിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഇറാഖിലായിരുന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ അടിയന്തിര ആക്രമണവാർത്തയെത്തുടർന്ന് ചടങ്ങുകൾ പൂർത്തിയാക്കാതെ രാജ്യത്തേക്ക് മടങ്ങി. ഹുർമുസ് കടലിടുക്കിലെ ഗതാഗത മാർഗ്ഗങ്ങളെച്ചൊല്ലി നേരത്തെ തന്നെ ഇരുരാജ്യങ്ങളും തമ്മിൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. തങ്ങൾ നിശ്ചയിക്കുന്ന വടക്കൻ പാതയിലൂടെ മാത്രമേ അന്താരാഷ്ട്ര കപ്പലുകൾ പോകാവൂ എന്ന് ഇറാൻ നിർബന്ധം പിടിക്കുമ്പോൾ, യു.എസ് നാവികസേന സുരക്ഷയൊരുക്കുന്ന തെക്കൻ പാതയിലൂടെ സഞ്ചരിക്കാനാണ് വാഷിങ്ടൺ കപ്പലുകളോട് ആവശ്യപ്പെടുന്നത്.

article-image

ംുനം

You might also like

  • Lulu Exchange
  • Straight Forward

Most Viewed