ആഗോള കണ്ടെയ്നർ തുറമുഖ സൂചികയിൽ വൻ കുതിപ്പുമായി ബഹ്റൈൻ; ഖലീഫ ബിൻ സൽമാൻ പോർട്ടിന് 19ആം സ്ഥാനം
പ്രദീപ് പുറവങ്കര
മനാമ: ആഗോള കണ്ടെയ്നർ പോർട്ട് പെർഫോമൻസ് ഇൻഡക്സിൽ (CPPI) ഖലീഫ ബിൻ സൽമാൻ പോർട്ട് ലോകശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന കണ്ടെയ്നർ തുറമുഖങ്ങളുടെ പട്ടികയിൽ 19-ാം സ്ഥാനത്തേക്ക് ഈ തുറമുഖം ഉയർന്നത് ബഹ്റൈന്റെ സമുദ്രമേഖലയ്ക്ക് ചരിത്രപരമായ നാഴികക്കല്ലായി മാറി. എപിഎം ടെർമിനൽസ് ബഹ്റൈൻ (APM Terminals Bahrain) നിയന്ത്രിക്കുന്ന ഈ തുറമുഖം, വിലയിരുത്തൽ കാലയളവിൽ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തിയ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് തുറമുഖങ്ങളിൽ ഒന്നായും അംഗീകരിക്കപ്പെട്ടു. വേൾഡ് ബാങ്കും എസ് ആൻഡ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസും ചേർന്ന് പ്രസിദ്ധീകരിക്കുന്ന വാർഷിക ഇൻഡക്സായ സി.പി.പി.ഐ, കണ്ടെയ്നർ തുറമുഖങ്ങളുടെ കാര്യക്ഷമത അളക്കുന്നതിനുള്ള ഒരു സ്വതന്ത്ര ആഗോള മാനദണ്ഡമാണ്.
കപ്പലുകളുടെ വലുപ്പത്തിലും ഷിപ്പിംഗ് പ്രവർത്തനങ്ങളിലുമുള്ള വ്യത്യാസങ്ങൾ കണക്കിലെടുത്ത്, കപ്പലുകൾ തുറമുഖത്ത് എത്തുന്നതു മുതൽ പുറപ്പെടുന്നതു വരെയുള്ള ആകെ സമയമാണ് ഈ സൂചിക വിലയിരുത്തുന്നത്. ഗതാഗത വാർത്താവിനിമയ മന്ത്രാലയം, പോർട്സ് ആൻഡ് മാരിടൈം അഫയേഴ്സ് ഡയറക്ടറേറ്റ്, കസ്റ്റംസ് അഫയേഴ്സ്, മാരിടൈം സർവീസ് പ്രൊവൈഡർമാർ, ലോജിസ്റ്റിക്സ് പങ്കാളികൾ എന്നിവരുൾപ്പെടെയുള്ള തുറമുഖ മേഖലയിലെ വിവിധ പങ്കാളികൾ തമ്മിലുള്ള അടുത്ത സഹകരണത്തിന്റെ പ്രതിഫലനമാണ് ഈ മികച്ച ഫലമെന്ന് എപിഎം ടെർമിനൽസ് ബഹ്റൈൻ വ്യക്തമാക്കി.
ിു്ിു

