കേരളത്തിൽ യുഡിഎഫ് തരംഗം; ഭരണമാറ്റം പ്രവചിച്ച് എക്‌സിറ്റ് പോളുകൾ
ഷീബ വിജയൻ I കേരളം
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിന് അനുകൂലം. പ്രമുഖരായ പത്ത് സർവേ ഏജൻസികളും യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. ഇതോടെ ഇടതുമുന്നണിയുടെ ഭരണത്തുടർച്ചാ മോഹങ്ങൾക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആവേശം പകരുന്നതാണ് ഈ പ്രവചനങ്ങൾ.
ആക്‌സിസ് മൈ ഇന്ത്യ യുഡിഎഫിന് 78 മുതൽ 90 സീറ്റുകൾ വരെ പ്രവചിക്കുമ്പോൾ, പൊളിറ്റിക്കൽ ലാബ് യുഡിഎഫിന് 92 സീറ്റുകൾ വരെ ലഭിക്കുമെന്ന് കണക്കാക്കുന്നു. ടൈംസ് നൗ ജെവിസി (72-84), ചാണക്യ സ്ട്രാറ്റജീസ് (72-80), പീപ്പിൾസ് പൾസ് (75-80) എന്നീ ഏജൻസികളും യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നുണ്ട്. ഭൂരിഭാഗം സർവേകളിലും എൽഡിഎഫ് 45 മുതൽ 65 സീറ്റുകളിലേക്ക് ചുരുങ്ങാനാണ് സാധ്യത. എൻഡിഎ മുന്നണിക്ക് ഒന്നുമുതൽ ഏഴ് സീറ്റുകൾ വരെ ലഭിക്കാമെന്നാണ് പൊതുവായ വിലയിരുത്തൽ, എന്നാൽ പീപ്പിൾസ് ഇൻസൈറ്റ് മാത്രം എൻഡിഎയ്ക്ക് 14 സീറ്റുകൾ വരെ ലഭിച്ചേക്കാമെന്ന് പ്രവചിക്കുന്നു.
മാട്രിസ്, പി മാർക്ക്, സിഎൻഎൻ വോട്ട് വൈബ് തുടങ്ങിയ ഏജൻസികളും യുഡിഎഫിന് ഭരണസാധ്യത കൽപ്പിക്കുന്നു. എല്ലാ പ്രവചനങ്ങളും ശരിയാകുകയാണെങ്കിൽ കേരളത്തിൽ വലിയൊരു രാഷ്ട്രീയ മാറ്റത്തിനാകും കളമൊരുങ്ങുക. എക്‌സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫ് പ്രവർത്തകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, അന്തിമ ഫലം വരുമ്പോൾ പ്രവചനങ്ങൾ മാറുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് നേതൃത്വം.
aa



