സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന എക്യുമെനിക്കല്‍ സംഗീത സന്ധ്യ ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രൽ ഗായകസംഘം സംഘടിപ്പിച്ച എക്യൂമിനിക്കല്‍ സംഗീത സന്ധ്യ 'സമ്റോ-ല-മോറിയോ' കത്തീഡ്രലില്‍ വെച്ച് മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ബോംബെ ഭദ്രാസനത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്നു. ഈ സംഗീത സന്ധ്യയില്‍ ബഹ്റൈനിലെ അപ്പൊസ്തോലിക ഇടവകകളായ ബഹ്റൈൻ മാര്‍ത്തോമ്മാ പാരീഷ്, സി. എസ്സ്. ഐ. മലയാളി പാരീഷ്, സെന്റ് ഗ്രിഗോറിയോസ് ക്നാനായ ചര്‍ച്ച്, സെന്റ് പോള്‍സ് മാര്‍ത്തോമ്മാ പാരീഷ്, സി. എസ്സ്. ഐ. സൗത്ത് കേരളാ എന്നീ ദേവാലയ ഗായക സംഘങ്ങൾക്കൊപ്പം സെന്റ് മേരീസ് കത്തീഡ്രല്‍ ഗായകസംഘവും ഗാനങ്ങള്‍ ആലപിച്ചു.
കത്തീഡ്രല്‍ വികാരി ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതു സമ്മേളനത്തിൽ ഇന്ത്യന്‍ സ്ഥാനപതി വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായിരുന്നു. സഹ വികാരി ഫാ. തോമസ്കുട്ടി പി. എന്‍., കത്തീഡ്രൽ ട്രസ്റ്റി സജി ജോര്‍ജ്, സെക്രട്ടറി ബിനു എം. ഈപ്പൻ, ഗായകസംഘം കോഡിനേറ്റർ സിബി ഉമ്മന്‍ സക്കറിയ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെന്റ് മേരീസ് കത്തീഡ്രല്‍ ഗായകസംഘത്തില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയവരെ മൊമെന്റോ നല്കി ആദരിക്കുകയും ചെയ്തു. സഹോദര ദേവാലയങ്ങളിലെ വികാരിമാരായ റവ. അനീഷ് സാമുവേൽ ജോൺ, റവ. മാത്യൂസ് ഡേവിഡ്, റവ. സാമുവേൽ വർഗ്ഗീസ്, റവ. അനുപ് സാം എന്നിവരും സന്നിഹിതരായിരുന്നു. സംഗീത സന്ധ്യയ്ക്ക് ക്വയര്‍ മാസ്റ്റര്‍ അനു റ്റി. കോശി സ്വാഗതവും ക്വയര്‍ സെക്രട്ടറി സന്തോഷ് തങ്കച്ചന് നന്ദിയും അറിയിച്ചു
DXZASDASW
ASDDASDAS
