ഇന്ത്യക്കാർക്ക് ഇനി മുതൽ ഇറാനിൽ പോകാൻ വിസ വേണം
ഷീബ വിജയ൯
ഇറാൻ: ഇന്ത്യക്കാർക്ക് അനുവദിച്ചിരുന്ന വിസ രഹിത പ്രവേശനം ഇറാൻ റദ്ദാക്കി. ഈ സുപ്രധാന തീരുമാനം ഈ മാസം നവംബർ 22 മുതൽ പ്രാബല്യത്തിൽ വരും. ഈ തീയതി മുതൽ ഇറാനിൽ പ്രവേശിക്കുന്നതിനോ ഇറാനിലൂടെ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനോ സാധാരണ പാസ്‌പോർട്ടുള്ള എല്ലാ ഇന്ത്യൻ യാത്രക്കാരും നിർബന്ധമായും മുൻകൂട്ടി വിസ എടുക്കേണ്ടതാണ്.
ഉയർന്ന ശമ്പളമുള്ള ജോലിയോ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള എളുപ്പത്തിലുള്ള യാത്രയോ വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ ഇറാനിലേക്ക് ആകർഷിക്കുന്ന തൊഴിൽ തട്ടിപ്പുകളും അതുവഴിയുള്ള മനുഷ്യക്കടത്തുമാണ് വിസ ഇളവ് അവസാനിപ്പിച്ചതിൻ്റെ പ്രധാന കാരണങ്ങളായി ഇറാൻ അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തിൽ ഇറാനിൽ എത്തിച്ചശേഷം തട്ടിക്കൊണ്ടുപോകുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ നടപടി കടുപ്പിച്ചത്.
വിനോദസഞ്ചാരത്തിനായി ഇന്ത്യക്കാർക്ക് വിസയില്ലാതെ രാജ്യം സന്ദർശിക്കാനുള്ള പദ്ധതി ഇറാൻ നടപ്പിലാക്കിയത് 2024 ഫെബ്രുവരി 4 മുതലാണ്. ഈ ഇളവ് പ്രകാരം, സാധാരണ പാസ്‌പോർട്ട് കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്ക് ആറ് മാസത്തിലൊരിക്കൽ പരമാവധി 15 ദിവസം വരെ വിമാനമാർഗം വിസയില്ലാതെ രാജ്യത്ത് പ്രവേശിക്കാമായിരുന്നു. ഇന്ത്യ, യുഎഇ, സിംഗപ്പൂർ, മലേഷ്യ എന്നിവയുൾപ്പെടെ 32 രാജ്യങ്ങൾക്കായിരുന്നു ഇറാൻ ഈ വീസാരഹിത സന്ദർശന സൗകര്യം അന്ന് പ്രഖ്യാപിച്ചത്.
adsdfsds
