കുവൈത്ത് ദേശീയ വിമോചന ദിനാഘോഷത്തിന്റെ ഭാഗമായി 750 തടവുകാർക്ക് മോചനം

കുവൈത്ത് സിറ്റി: സ്വാതന്ത്ര്യ − വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി ഇത്തവണ 750 തടവുകാർ അമീരി കാരുണ്യത്തിന് അർഹരാവുന്നു. കഴിഞ്ഞ വർഷം 2280 പേരാണ് അമീറിന്റെ കാരുണ്യത്തിന് അർഹരായത്.
തടവുകാരുടെ പട്ടിക തയ്യാറാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം, നീതി ന്യായ മന്ത്രാലയം, അമീരി ദിവാൻ എന്നീ വകുപ്പുകൾ സംയുക്തമായി അന്തിമ പട്ടിക തയ്യാറാക്കും.
അമീരി കാരുണ്യത്തിന്റെ ഭാഗമായി ശിക്ഷ ഇളവ് ലഭിക്കുന്നവരുടെ അന്തിമ പട്ടിക തുടർനടപടികൾക്കായി അമീരി ദിവാന് എത്രയും വേഗം കൈമാറുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അർഹത പട്ടികയിൽ സ്വദേശികളും വിദേശികളും ഉൾപ്പെടുന്നു. തടവ് ശിക്ഷ കാലയളവിൽ നല്ലനടപ്പ് ഉൾപ്പെടെ നിരവധി മാനദണ്ഡങ്ങൾ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കുന്നത്. എന്നാൽ തീവ്രവാദ കേസുകളിലും മനുഷ്യ കടത്തു കേസുകളിലും ശിക്ഷയനുഭവിക്കുന്നവർക്ക് ഇളവ് ലഭിക്കില്ല.