അറബ്-ഗൾഫ് കപ്പ് ഫുട്ബോളിന് കുവൈത്ത് ആതിഥ്യം വഹിക്കും

കുവൈത്ത് സിറ്റി : ഇത്തവണത്തെ അറബ് ഗൾഫ് കപ്പ് ഫുട്ബോളിനു കുവൈത്ത് ആതിഥ്യം വഹിക്കും. ഡിസംബർ 22 മുതലാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. നേരത്തേ ദോഹയിലാണ് ടൂർണമെന്റ് നടത്താൻ നിശ്ചയിച്ചിരുന്നത്. കുവൈത്തിലെ ഉദ്ഘാടന മത്സരങ്ങൾ കാണാൻ ഫിഫ പ്രസിഡണ്ട് ഇൻഫാന്റിനോ എത്തും. അതിർത്തികൾക്ക് അപ്പുറമായി ജനങ്ങളെ ഒന്നിപ്പിക്കാൻ ഫുട്ബോളിനു കഴിയുമെന്നു വ്യക്തമാക്കുന്നതാകും ഗൾഫ് കപ്പെന്ന് ഇൻഫാന്റിനോ അഭിപ്രായപ്പെട്ടു.
23ാംമത് അറബ് ഗൾഫ് കപ്പ് കുവൈത്തിൽ നടക്കുന്നതോടെ എട്ടു ടീമുകളുടെയും പങ്കാളിത്തം ടൂർണമെന്റിനുണ്ടാവും. ടീമുകളുടെ ഗ്രൂപ്പ് തിരിക്കുന്നത് നറുക്കെടുപ്പിലൂടെ തിങ്കളാഴ്ച നടക്കും.
ഇരുരാജ്യങ്ങളിലെയും നേതൃത്വവുമായുള്ള കൂടിയാലോചനകളുടെ അടിസ്ഥാനത്തിലാണു ടൂർണമെന്റ് കുവൈത്തിലേക്കു മാറ്റാൻ തീരുമാനിച്ചതെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽ താനി പറഞ്ഞു. ടൂർണമെന്റ് കുവൈത്തിനു കൈമാറാൻ തയ്യാറായ ഖത്തറിനെ ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫാന്റിനോ അഭിനന്ദിച്ചു. ശക്തമായ നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ടൂർണമെന്റ് ദോഹയിലാണു നടക്കുന്നതെങ്കിൽ സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ ടീമുകളെ അയയ്ക്കുമായിരുന്നില്ല.
ടൂർണമെന്റിനുള്ള ക്ഷണക്ക ത്തുകളോട് ഈ രാജ്യങ്ങൾ ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാൽ,ടൂർണമെന്റ് കുവൈത്തിലേക്കു മാറ്റിയതോടെ ഈ രാജ്യങ്ങളുടെ പങ്കാളിത്തവുമുണ്ടാകും. ഖത്തർ, ഇറാഖ്, ഒമാൻ, കുവൈത്ത്, യെമൻ എന്നിവയാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങൾ.
കുവൈത്തിനെതിരെയുള്ള വിലക്ക് ഫിഫ പിൻവലിച്ചതോടെയാണ് ടൂർണമെന്റ് അവിടേക്കു മാറ്റാൻ തീരുമാനിച്ചത്. 2015 ഒക്ടോബർ16നായിരുന്നു അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് കുവൈത്തിനെ ഫിഫ വിലക്കിയത്. രാജ്യത്തെ കായിക നിയമത്തിൽ ഭേദഗതി വരുത്തി സർക്കാർ ഇടപെടലുകൾ നടത്തുന്നുവെന്നാരോപിച്ചായിരുന്നു ഫിഫയുടെ വിലക്ക്. തുടർന്ന് കുവൈത്ത് സർക്കാർ കൊണ്ടുവന്ന പുതിയ കായികനിയമത്തിന് കുവൈത്ത് പാർലിമെന്റ് അംഗീകാരം നൽകിയതിന്റെ പശ്ചാത്തലത്തിലാണ് വിലക്ക് പിൻവലിച്ചത്.