അഞ്ച് തവണ ഗതാഗത നിയമം ലംഘിക്കുന്ന വിദേശികളെ കുവൈത്തിൽ നിന്ന് നാടുകടത്തും

കുവൈത്ത് സിറ്റി: കുവൈത്തിൽ അഞ്ചുവർഷത്തിനുള്ളിൽ അഞ്ച് ഗതാഗത നിയമ ലംഘനങ്ങൾ നടത്തുന്ന വിദേശികളെ നാടുകടത്തുന്നതിനുള്ള നിർദ്ദേശം ഗതാഗത മന്ത്രാലയം ആഭ്യന്തര മന്ത്രിയക്ക് സമർപ്പിച്ചതായി റിപ്പോർട്ട്. നിർദ്ദേശം നിയമ വിദഗ്ദ്ധർ വിശദമായി പരിശോധിക്കുകയാണന്ന് പ്രദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
നിലവിൽ ചുവപ്പ് സിഗ്നൽ മറികടക്കൽ, ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ തുടങ്ങിയ ഗുരുതര ഗതാഗത നിയമ ലംഘകരെ നടുകടത്താൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. അതുകൂടാതെ നിയമം കർശനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിർദ്ദേശം ഗതാഗത മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫഹദ് അൽ ഷുവൈയ് ആഭ്യന്തര മന്ത്രി ഷേഖ് ഖാലിദ് അൽ ജാറഹിന് സമർപ്പിച്ചതായി റിപ്പോർട്ടുള്ളത്.
സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള ഡ്രൈവിംങ്, വാഹനം ഓടിക്കുന്പോൾ ഫോൺ ഉപയോഗം, നടപ്പാതകളിലും കാൽനട യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്ന സ്ഥലങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾ ക്കാണ് എണ്ണം നിശ്ചയിച്ചിരിക്കുന്നത്. വിദേശികൾ അഞ്ചാമത്തെ ഗതാഗത നിയമലംഘനം നടത്തുന്നതോടെ അയാളുടെ റെസിഡൻസി പെർമിറ്റ് പുതുക്കുന്നത് ഓട്ടോമാറ്റിക്കായി കന്പ്യൂട്ടർ സംവിധാനം തടയും.
പിന്നീട് പ്രസ്തുത വ്യക്തിയെ അറസ്റ്റ് ചെയ്ത് നാടുകടത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പിന് കൈമാറുമെന്നാണ് ഉന്നത കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രദേശിക അറബ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. അഞ്ചു വർഷത്തിനുശേഷം വീണ്ടും പുതുതായി നിയമലംഘനങ്ങൾ രേഖപ്പെടുത്താനും മന്ത്രിക്കു സമർപ്പിച്ച നിർദ്ദേശത്തിലുണ്ട്. കഴിഞ്ഞ മാസം 29− മുതൽ രാജ്യത്തെ നടപ്പാതകളിലും പാർക്ക് ചെയ്യുന്ന വാനങ്ങളും, സീറ്റ് ബെൽറ്റ് ധരിക്കാതെ മുന്നിൽ ഇരിക്കുന്നവരുടെ വാഹനങ്ങളും രണ്ട് മാസം വരെ പിടിച്ച് വയ്ക്കാനും അധികൃതർ തീരുമാനിച്ചിരുന്നു.