വ്യാപക റെയ്ഡിൽ ഇഖാമ കാലാവധി കഴിഞ്ഞവരടക്കം 647 പേര്‍ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആരംഭിച്ച വ്യാപക റെയ്ഡുകളുടെ ഭാഗമായി ഇഖാമ കാലാവധി കഴിഞ്ഞ 35 പേരടക്കം 647 പേര്‍ പിടിയിലായി.
ഒളിച്ചോട്ടത്തിന് സ്പോണ്‍സര്‍മാര്‍ കേസുകൊടുത്ത 25 പേര്‍, സ്പോണ്‍സര്‍ മാറി ജോലിചെയ്തുവന്ന 40 പേര്‍, മതിയായ തിരിച്ചറിയല്‍ രേഖകളൊന്നുമില്ലാത്ത 106 പേര്‍, 15 വഴിയോര കച്ചവടക്കാര്‍, രാജ്യത്തേക്ക് നുഴഞ്ഞുകയറിയ അഞ്ചുപേര്‍, ചീട്ടുകളിയിലേര്‍പ്പെട്ട രണ്ടുപേര്‍, സിവില്‍ കേസുകളിലുള്‍പ്പെട്ട നാലുപേർ എന്നിവരാണ് പിടിയിലായത്.
ഇവരിൽ ചിലരിൽ നിന്ന് മയക്കുമരുന്ന് ഉല്‍പന്നങ്ങളും നിരോധിത വസ്തുക്കളും കണ്ടെടുത്തു. കാപിറ്റല്‍ ഗവര്‍ണറേറ്റ് സുരക്ഷാ വിഭാഗത്തിന്‍െറ നിര്‍ദേശപ്രകാരം നടന്ന റെയ്ഡിന് സുരക്ഷാ ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ കേണല്‍ ഇബ്റാഹീം അത്തറാഹ്, അസി.ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ നാസര്‍ അല്‍ അദ്വാനി, കൈഫാന്‍ സുരക്ഷാ ഡിപ്പാര്‍ട്ട്മെന്‍റ് ഉപമേധാവി ജനറല്‍ മുഹമ്മദ് അല്‍ അദ്വാനി, ഓപറേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി ജനറല്‍ സല്‍മാന്‍ അസ്സുബഇ, വിവിധ വകുപ്പ് മേധാവികളായ ജനറല്‍ മുഹമ്മദ് അല്‍ അജമി, ജനറല്‍ ഹമദ് അല്‍ മുത്വവ്വഅ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വന്‍ സന്നാഹങ്ങളുമായത്തെിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംശയമുള്ള ഇടങ്ങളില്‍ കയറിയാണ് പരിശോധന നടത്തിയത്. ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ് പിടിയിലായവരില്‍ അധികവുമെന്ന് അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി ഇവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.