നാടോടി മരിച്ച സംഭവം: പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ചെന്നിത്തല

കൊച്ചി: തിരുവനന്തപുരത്തെ കിഴക്കേക്കോട്ടയില്‍ വാഹനാപകടത്തില്‍പ്പെട്ടയാള്‍ റോഡില്‍ക്കിടന്നു ചോര വാര്‍ന്നു മരിച്ച സംഭവത്തില്‍ പോലീസിനെ ന്യായീകരിച്ചു ആഭ്യന്തര രമേശ് ചെന്നിത്തല. സംഭവത്തില്‍ പോലീസിനു വീഴ്ച പറ്റിയിട്ടില്ല. ആംബുലന്‍സ് എത്താനുള്ള സമയം മാത്രമേ പോലീസ് എടുത്തിട്ടുള്ളൂ. പോലീസിനു വീഴ്ച സംഭവിച്ചെന്ന വാദം വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. പോലീസ് അലംഭാവം കാണിച്ചതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് ന്യായീകരണവുമായി ചെന്നിത്തല രംഗത്തെത്തിയത്. കിഴക്കേക്കോട്ടയില്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച അജ്ഞാതനെ ഞായറാഴ്ച രാവിലെ പത്തോടെയാണു വിഎസ്എസ്സിയുടെ ബസിടിച്ചത്. ബസ് കാലിലൂടെ കയറിയിറങ്ങിയതിനെ തുടര്‍ന്നു ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം അര മണിക്കൂറോളം സമയം റോഡില്‍ കിടന്നു. പിന്നീട് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. രക്തം വാര്‍ന്നാണു മരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അമ്പതു വയസ് തോന്നിക്കുന്ന മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.