പി. ജയരാജൻ വധശ്രമ കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്
സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജൻ വധശ്രമ കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് അപ്പീൽ സമർപ്പിക്കും. കേസിൽ പി. ജയരാജനും കക്ഷിചേരും. ഇതുസംബന്ധിച്ച് അദ്ദേഹത്തിനു നിയമോപദേശം ലഭിച്ചു. കേസിലെ ഒരാളൊഴികെയുള്ള മുഴുവൻ പ്രതികളെയും വെറുതെ വിട്ട വിധിക്കെതിരെയാണ് അപ്പീൽ നൽകുന്നത്. ഹൈക്കോടതിയിൽനിന്ന് നീതി ലഭിച്ചില്ലെന്നും സർക്കാർ അപ്പീൽ നൽകണമെന്നും വിധി വന്നയുടൻ പി. ജയരാജൻ ആവശ്യപ്പെട്ടിരുന്നു. ഇരയെന്ന നിലയിൽ തനിക്ക് നീതി ലഭിച്ചില്ലെന്നും കേസിന്‍റെ കാര്യത്തിൽ കോടതി കാണിച്ചത് നീതീകരിക്കാനാകാത്ത ധൃതിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
പി. ജയരാജനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിചാരണക്കോടതി ശിക്ഷിച്ച ആർഎസ്എസ് പ്രവർത്തകരായ ആറു പ്രതികളിൽ ഒരാളൊഴികെ മറ്റുള്ളവരെ ഹൈക്കോടതി വെറുതേ വിട്ടത്. സാക്ഷിമൊഴികൾ വിശ്വാസത്തിലെടുക്കാനാകില്ലെന്നും കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും വിലയിരുത്തിയാണ് സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്.
asfsf
