ഓർത്തഡോക്സ് സഭ സീനിയർ മെത്രാപ്പോലീത്ത സഖറിയാസ് മാർ അന്തോണിയോസ് കാലം ചെയ്തു
ഓർത്തഡോക്സ് സഭയുടെ സീനിയർ മെത്രാപ്പോലീത്തയും മുൻ കൊല്ലം ഭദ്രാസനാധിപനുമായിരുന്ന സഖറിയാസ് മാർ അന്തോണിയോസ് കാലം ചെയ്തു. 76 വയസ്സായിരുന്നു. മല്ലപ്പള്ളി അന്തോണിയോസ് ദയറായിൽ ആയിരുന്നു അന്ത്യം. കബറടക്കം പിന്നീട്. വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കൊച്ചിയിലും കൊല്ലത്തും മൂന്നു പതിറ്റാണ്ടിലേറെ ഭദ്രാസനാധിപൻ ആയിരുന്ന മാർ അന്തോണിയോസ് ലാളിത്യം മുഖമുദ്രയാക്കിയ പുരോഹിതനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
1946 ജൂലൈ 19−ന് ആറ്റുമാലിൽ വരമ്പത്ത് ഡബ്ൽയു.സി ഏബ്രഹാമിന്‍റെ പുത്രനായി പുനലൂരിൽ ജനിച്ചു. കേരള സർവ്വകലാശാലയിൽ നിന്ന് ബി.എയും വൈദിക സെമിനാരിയിൽ നിന്ന് ജി.എസ്.ടിയും സെറാമ്പൂരിൽ നിന്ന് ബി.ഡിയും കരസ്ഥമാക്കി. ദീർഘനാൾ കൊല്ലം അരമനയിൽ താമസിച്ച് അരമന മാനേജരായി സേവനമനുഷ്ഠിച്ചു.
നെടുമ്പായിക്കുളം, കുളത്തുപ്പുഴ, കൊല്ലം കാദീശാ മുതലായ പല ഇടവകകളിലും സേവനമനുഷ്ഠിച്ചു. 1989 ഡിസംബർ 28−ന് മേൽപ്പട്ടസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991 ഏപ്രിൽ 30−ന് മെത്രാനഭിഷേകം നടന്നു. തുടർന്ന് കൊച്ചി ഭദ്രാസനത്തിന്‍റെ മെത്രാപ്പോലീത്തായായി 17 വർഷം ചുമതല വഹിച്ചു. 2009−ൽ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്തായായി നിയമിക്കപ്പെട്ടു. 2022 നവംബർ 3−നു ഭദ്രാസന ഭരണത്തിൽ നിന്നു സ്വയം വിരമിച്ചു. സ്ലീബാദാസ സമൂഹം പ്രസിഡന്‍റ്, അഖില മലങ്കര മർത്തമറിയം വനിതാസമാജം പ്രസിഡന്‍റ് എന്നീ ചുമതലകൾ വഹിച്ചു.
stdsg
