റേഡിയോ ജോക്കി രാജേഷ് കൊലക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും


മുന്‍ റേഡിയോ ജോക്കി രാജേഷ് കുമാറിനെ (36) കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി അലിഭായ് എന്ന മുഹമ്മദ് സാലിഹിനും മൂന്നാം പ്രതി അപ്പുണ്ണിക്കുമാണ് ശിക്ഷ വിധിച്ചത്. ഇവര്‍ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. നാലു മുതല്‍ 12 വരെയുള്ള പ്രതികളെ കോടതി നേരത്തെ വിട്ടയച്ചിരുന്നു. കേസിലെ ഒന്നാം പ്രതി ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുല്‍ സത്താറിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

2018 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. മടവൂരിലുള്ള രാജേഷിന്‍റെ മെട്രാസ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ എന്ന റിക്കാർഡിംഗ് സ്റ്റുഡിയോയിലെത്തിയാണ് കൊലപാതകം നടത്തിയത്. കൊല്ലം ആസ്ഥാനമായുള്ള നൊസ്റ്റാൾജിയ എന്ന നാടൻ പാട്ട് സംഘത്തിലെ അംഗങ്ങളായ രാജേഷും കുട്ടനും സമീപത്തെ ക്ഷേത്ര ഉത്സവത്തിനുള്ള പരിപാടിയുടെ റിഹേഴ്സൽ നടത്തുകയായിരുന്നു. സ്റ്റുഡിയോയുടെ പുറത്ത് നിന്ന കുട്ടനെ ആദ്യം വെട്ടി പരിക്കേൽപിച്ച പ്രതികൾ സ്റ്റുഡിയോയ്ക്ക് അകത്തു കയറി രാജേഷിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. അബ്ദുല്‍ സത്താറിന്‍റെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന സൗഹൃദത്തിലുണ്ടായ സംശയമാണ് ക്വട്ടേഷന് പിന്നില്‍. സത്താറിന്‍റെ സ്ഥാപനത്തിലെ ജീവനക്കാരനായ സാലിഹ് വഴിയാണ് ക്വട്ടേഷന്‍ നടപ്പാക്കിയത്. നേപ്പാള്‍ വഴി കേരളത്തിലെത്തിയ സാലിഹ് ക്വട്ടേഷന്‍ സംഘങ്ങളെ കൂട്ടാന്‍ ഒരു വാട്സ് ആപ്പ് ഗ്രൂപ്പുമുണ്ടാക്കി. വിദേശത്ത് സാലിഹിനൊപ്പം ജോലി ചെയ്തിരുന്നവരും മറ്റ് ക്വട്ടേഷന്‍ സംഘങ്ങളെയും ചേര്‍ത്തു. ഒരു വാഹനവും സംഘടിപ്പിച്ച ശേഷമാണ് പ്രതികള്‍ കൊലപാതകം ചെയ്തത്.

article-image

ASADSADSADSADS

You might also like

  • Straight Forward

Most Viewed