കെഎസ്ആർടിസിയിൽ യാത്രക്കാർക്ക് ടിക്കറ്റില്ല; 22 കണ്ടക്ടർമാർക്കു പിഴശിക്ഷ

കെഎസ്ആർടിസി ബസുകളിൽ യാത്രക്കാർക്ക് ടിക്കറ്റില്ലാതിരുന്ന കാരണത്താൽ 22 കണ്ടക്ടർമാർക്ക് പിഴ ശിക്ഷ. ഇതിൽ ഏഴ് പേർ ബദലി കണ്ടക്ടർമാരാണ്. 500 രൂപ മുതൽ 5,000 രൂപ വരെയാണ് പിഴ. ഈ തുക ഓഗസ്റ്റ് മാസത്തെ ശമ്പളത്തിൽ നിന്നും ഈടാക്കാൻ ഉത്തരവിറങ്ങി. ഒരു കണ്ടക്ടർക്ക് 5,000, നാല് പേർക്ക് 3,000, ഏഴ് പേർക്ക് 2,000, ആറ് പേർക്ക് 1,000, നാല് പേർക്ക് 500 രൂപ വീതമാണ് പിഴ ശിക്ഷ. യാത്രക്കാർക്ക് ടിക്കറ്റ് നല്കിയില്ല, ലഗേജ് ചാർജ്ജ് ഈടാക്കിയില്ല, 30 കിലോയിലധികം ഭാരമുള്ള കുട്ടികൾക്ക് ഹാഫ്ടിക്കറ്റ് നല്കിയില്ല, ഫുൾ ടിക്കറ്റ് ഈടാക്കേണ്ട കുട്ടികൾക്ക് ഹാഫ് ടിക്കറ്റ് നല്കിയത് തുടങ്ങിയ കാരണങ്ങൾക്കാണ് പിഴ ശിക്ഷ. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിലുള്ള കണ്ടക്ടർമാർക്കാണ് ശിക്ഷ കിട്ടിയിരിക്കുന്നത്. വിവിധ യൂണിറ്റുകളിലേയും സ്ക്വാഡുകളിലെയും ഇൻസ്പെക്ടർമാരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ശിക്ഷ പ്രഖ്യാപിച്ചത്.
യാത്രക്കാരന് ടിക്കറ്റില്ലെങ്കിൽ കണ്ടക്ടർ പിഴ ഒടുക്കണമെന്ന സമീപകാലത്തെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ടിക്കറ്റില്ലാത്ത യാത്രക്കാരെ ചെക്കർമാർ കണ്ടെത്തിയാൽ അച്ചടക്ക നടപടിയുടെ ഭാഗമായി കണ്ടക്ടർക്ക് പരമാവധി ശിക്ഷ സസ്പെൻഷൻ വരെയായിരുന്നു. ഇതിന് മാറ്റം വരുത്തിയാണ് പിഴ ശിക്ഷയായി നിശ്ചയിച്ച് ഉത്തരവിറങ്ങിയത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്നാണ് പിഴ ഈടാക്കിയിരുന്നത്. പുതിയ ഉത്തരവ് പ്രകാരം 30 - ൽ താഴെ യാത്രക്കാരുള്ള ബസിൽ ഒരാൾക്ക് ടിക്കറ്റ് കൊടുത്തില്ലെങ്കിൽ 5,000 രൂപയാണ് പിഴ. 31 മുതൽ 47 യാത്രക്കാരുള്ള ബസാണെങ്കിൽ പിഴത്തുക 3,000. 65 വരെ യാത്രക്കാരുണ്ടെങ്കിൽ 2,000 രൂപയാണ്. 65-ൽ കൂടുതൽ യാത്രക്കാരാണെങ്കിൽ 1,000 രൂപ പിഴ നൽകണം. ആദ്യത്തെ കേസിനാണ് ഈ പിഴ. ആവർത്തിച്ചാൽ കടുത്ത ശിക്ഷാ നടപടി ഉണ്ടാവും.
ASDDASADSADS