കൊച്ചിക്കായലിൽ ഇനി ജലമെട്രോയുടെ ദിനങ്ങൾ; നാളെ മുതൽ സർവിസ്

രാജ്യത്തെ ആദ്യ ജലമെട്രോ നാളെ മുതൽ കൊച്ചിയിൽ സർവിസ് ആരംഭിക്കും. ചൊവ്വാഴ്ച തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ജലമെട്രോ ഉദ്ഘാടനം ചെയ്യും. എറണാകുളം ഹൈകോർട്ട്-ബോൾഗാട്ടി-വൈപ്പിൻ റൂട്ടിലാണ് സർവിസ് തുടങ്ങുന്നത്. 20 രൂപയാണ് മിനിമം ചാർജ്. പരമാവധി 40 രൂപയും. പദ്ധതി പൂർണമായും പൂർത്തിയാകുന്നതോടെ 10 ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 ബോട്ടുകൾ സർവിസ് നടത്തും.
ഹൈകോർട്ട്-വൈപ്പിൻ 20 രൂപയും വൈറ്റില–കാക്കനാട് 30 രൂപയുമാണ് ചാർജ്. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറും പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ്. മെട്രോ റെയിലിലെ കൊച്ചി വൺ കാർഡ് ഉപയോഗിച്ച് വാട്ടർ മെട്രോയിലും യാത്രചെയ്യാം. കൊച്ചി വൺ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈൽ ക്യുആർ കോഡ് ഉപയോഗിച്ചും യാത്രചെയ്യാൻ സാധിക്കും. കൊച്ചി മെട്രോ സ്റ്റേഷനുകളിലേതിന് സമാനമായ രീതിയിലാണ് ടിക്കറ്റെടുക്കേണ്ടത്. ടെർമിനലുകളിലെ കൗണ്ടറുകളിൽനിന്ന് ടിക്കറ്റെടുത്ത ശേഷം ടിക്കറ്റ് പോസ്റ്റിൽ പഞ്ച് ചെയ്ത് അകത്തേക്ക് കയറാം. അവിടെ സ്ഥാപിച്ച ഫ്ലോട്ടിങ് പൊണ്ടൂണുകളിലൂടെ ബോട്ടിലേക്ക് പ്രവേശിക്കാം. ബോട്ടിനുള്ളിലെ ശീതീകരിച്ച ഭാഗത്തേക്ക് കയറുന്നതിന് ഡോർ തുറക്കാൻ പ്രത്യേക സ്വിച്ചുണ്ട്.
SADSDAS