സർ‍വകലാശാലയ്ക്ക് തിരിച്ചടി; പ്രിയാ വർ‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി


കണ്ണൂർ‍ സർ‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയാ വർ‍ഗീസിന്റെ നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടാം റാങ്കുകാരൻ ജോസഫ് സ്‌കറിയയുടെ ഹർ‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. ഏറെ വിവാദമായ നിയമനം റദ്ദാക്കിയത് കണ്ണൂർ‍ സർ‍വകലാശാലയ്ക്കും വലിയ തിരിച്ചടിയാകുകയാണ്. 

നിയമനം റദ്ദാക്കിയത് അറിയിച്ച് പ്രത്യേക ദൂതൻ‍ വഴി പ്രിയാ വർ‍ഗീസിന് നോട്ടീസ് കൈമാറും. റാങ്ക് പട്ടികയിൽ‍ നിന്നും പ്രിയാ വർ‍ഗീസിനെ ഒഴിവാക്കണമെന്ന ആവശ്യമായിരുന്നു ഹർ‍ജിക്കാരൻ ഉന്നയിച്ചിരുന്നത്. റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണം എന്നുൾ‍പ്പെടെ വ്യക്തമാക്കിയായിരുന്നു ഹർ‍ജി. അസോസിയേറ്റ് പ്രൊഫസർ‍ക്കുള്ള മിനിമം യോഗ്യതയായ എട്ട് വർ‍ഷത്തെ പ്രവൃത്തിപരിചരം പ്രിയാ വർ‍ഗീസിനില്ലെന്നും ഹർ‍ജിയിൽ‍ വാദമുണ്ടായിരുന്നു.

റിസേർ‍ച്ച് സ്‌കോർ‍, പ്രസിദ്ധീകരണങ്ങൾ‍ എന്നിവ പരിശോധിക്കാതെയാണ് കണ്ണൂർ‍ സർ‍വകലാശാല വിസിയുടെ അധ്യക്ഷതയിലുള്ള സമിതി പ്രിയാ വർ‍ഗീസിന് ഉയർ‍ന്ന മാർ‍ക്ക് നൽ‍കിയത് എന്നുൾ‍പ്പെടെയാണ് ആരോപണം. ഹർ‍ജി പരിഗണിച്ച ശേഷം പ്രിയാ വർ‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഹൈക്കോടതി കേസിൽ‍ യുജിസിയെ കക്ഷിയാക്കാനും തീരുമാനിച്ചു. വിഷയത്തിൽ‍ യുജിസിയുടെ നിലപാടും ഹൈക്കോടതി ആരാഞ്ഞിട്ടുണ്ട്. ഈ മാസം 31ന് വിഷയം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

You might also like

  • Straight Forward

Most Viewed